കൊളീജിയം സവിധാനത്തിന് സുതാര്യത വേണമെന്ന് സര്‍ക്കാര്‍, വലിയ മാറ്റങ്ങള്‍ പറ്റില്ലെന്ന് സുപ്രീംകോടതി

Webdunia
ചൊവ്വ, 3 നവം‌ബര്‍ 2015 (14:25 IST)
ഉന്നത കോടതികളിലേക്കുള്ള ജഡ്ജി നിയമനത്തിനുള്ള കൊളീജിയം സംവിധാനത്തിന് സുതാര്യത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍. കൊളീജിയം സംവിധാനം പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സുപ്രീം കോടതി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം കൊളീജിയത്തില്‍ കാലാകാലങ്ങളായി മാറ്റം ആകാമെന്നും എന്നാല്‍ വലിയ പരിഷ്‌ക്കാരങ്ങള്‍ സാധ്യമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കൊളീജിയം സംവിധാനം സുതാര്യമായിരിക്കണമെന്നും ജഡ്ജി നിയമനത്തിനുള്ള മാനദണ്ഡങ്ങളില്‍ വ്യവസ്ഥയുണ്ടായിരിക്കണമെന്നും സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഒരു വ്യക്തിയെ ജഡ്ജിയായി നിയമിക്കുമ്പോള്‍ ആ വ്യക്തിക്ക് എന്താണ് യോഗ്യതയെന്ന് വ്യക്തമാക്കപ്പെടണം. ജഡ്ജിമാരുടെ നിയമനത്തിന് എല്ലാവരും അംഗീകരിച്ച ഒരു വ്യവസ്ഥ ഉണ്ടാകേണ്ടതുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.

ജഡ്ജിമാരെ നിയമിക്കുമ്പോള്‍ ഇപ്പോള്‍ തുടരുന്ന് ചീഫ് ജന്‍സ്റ്റിസിന്റെ നാമനിര്‍ദ്ദേശത്തിനുപരിയായി  ജഡ്ജി നിയമനത്തിന് സ്ഥിരമായ യോഗ്യതാ മാനദണ്ഡം വേണമെന്നും ജഡ്ജി നിയമനത്തിന് അപേക്ഷ ക്ഷണിക്കണമെന്നും പരിഗണിക്കപ്പെടുന്നവരുടെ പേര് വിവരങ്ങള്‍ പരസ്യമാക്കണമെന്നും നിയമനത്തിന് മുമ്പ് കൊളീജിയം ബാര്‍ അസോസിയേഷന്റെ അഭിപ്രായങ്ങള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ചയാണ് ദേശീയ ജുഡീഷ്യല്‍ നിയമനകമ്മിഷന്‍ നിയമം സുപ്രീംകോടതി റദ്ദാക്കി കൊളീജിയം സംവിധാനം പുനഃസ്ഥാപിച്ചത്. സര്‍ക്കാറിന്റെ പ്രതിനിധികള്‍ ഉള്‍പ്പെട്ട പുതിയ സംവിധാനം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്.