സുനന്ദയുടെ മരണം: തരൂരിന് കുരുക്ക് മുറുകുന്നു, കുറ്റപത്രം കോടതി സ്വീകരിച്ചു - തെളിവുകള്‍ ഉണ്ടെന്ന് നിരീക്ഷണം

Webdunia
ചൊവ്വ, 5 ജൂണ്‍ 2018 (15:22 IST)
സുനന്ദ പുഷ്കറിന്റെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് കോൺഗ്രസ് എംപി ശശി തരൂരിനെ പ്രതി ചേർത്ത് പൊലീസ് സമർപ്പിച്ച കുറ്റപത്രം ഡൽഹി പാട്യാല കോടതി അംഗീകരിച്ചു.

കുറ്റപത്രം കോടതി സ്വീകരിച്ചതോടെ തരൂർ വിചാരണ നേരിടണം. തരൂരിനോട് ജൂലൈ ഏഴിനു ഹാജരാകണമെന്നു കാണിച്ചു കോടതി സമൻസ് അയച്ചു. തരൂരിനെ വിചാരണ ചെയ്യാന്‍ തക്ക തെളിവുകള്‍ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ കേസിൽ തരൂരിന്‍റെ കുരുക്ക് മുറുകി.

അതേസമയം, കുറ്റപത്രത്തിൽ മറ്റാരുടെയും പേരുകളില്ല. തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഡൽഹി പൊലീസ് കഴിഞ്ഞ 14നു കുറ്റപത്രം സമർപ്പിച്ചിരുന്നു. ആത്മഹത്യാപ്രേരണ, ഗാർഹികപീഢനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി പോലീസ് തരൂരിനെതിരേ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സുനന്ദ തരൂരിന് അയച്ച ഇ - മെയിൽ സന്ദേശങ്ങൾ അവരുടെ മരണമൊഴിയായി കണക്കിലെടുക്കണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു.

മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സുനന്ദ അയച്ച ഈ മെയിലുകള്‍ തരൂര്‍ ഗൗനിച്ചില്ല. സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മറുപടി നല്‍കിയില്ല. ഫോണ്‍ കോളുകളും തരൂര്‍ അവഗണിച്ചു. ഇരുവരും തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. മരിക്കാന്‍ വേണ്ടിയാണ് ഞാന്‍ പ്രാര്‍ഥിക്കുന്നതെന്നു പോലും സുനന്ദ മെയിലില്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.

പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിന് ബന്ധമുണ്ടോ എന്ന് സുനന്ദ സംശയിച്ചിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കിയിരുന്നു. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ വെച്ച് ഇരുവരും വഴക്കുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

തരൂര്‍ അവഗണിച്ചതാണ് സുനന്ദയെ നിരാശയിലേക്ക് തള്ളിവിട്ടത്. ഇവരുടെ മുറിയില്‍ നിന്നും ആല്‍പ്രാക്‌സിന്റെ 27 ഗുളികകള്‍ കണ്ടെത്തി. വിഷാദം അധിമാകുമ്പോള്‍ സുനന്ദ ഈ ഗുളികകള്‍ കഴിക്കുന്നത് പതിവായിരുന്നുവെന്നും 3000 പേജുള്ള കുറ്റപത്രത്തില്‍ പൊലീസ് പറയുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article