"അഭിപ്രായങ്ങൾ സ്വീകരിക്കാനുള്ള തുറന്ന മനസ്സോടെ മാത്രം ഡൽഹിയിലെത്തുക": കേരള നേതാക്കളോട് ഹൈക്കമാൻഡ്

ചൊവ്വ, 5 ജൂണ്‍ 2018 (07:47 IST)
ആർക്കൊക്കെ ഏതൊക്കെ പദവി എന്ന് മുൻകൂട്ടി തീരുമാനിച്ചതിന് ശേഷം ഡൽഹിയിലേക്ക് വരേണ്ടെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനു ഹൈക്കമാൻഡിന്റെ നിർദേശം. രാജ്യസഭാസീറ്റ്, കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ എന്നീ പദവികൾ സംബന്ധിച്ച ചർച്ചകൾക്ക് ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ എം.എം. ഹസനും നാളെ എത്താനിരിക്കെയാണ് ഇത്തരത്തിലുള്ള തീരുമാനം.
 
എന്നാൽ ഗ്രൂപ്പ് താൽപ്പര്യങ്ങൾക്കപ്പുറം ഉറച്ച തീരുമാനങ്ങളെടുക്കാൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി തയ്യാറെടുക്കുന്നുവെന്നാണ് സൂചന. പതിവ് രീതിയ്‌ക്കപ്പുറം അഭിപ്രായങ്ങൾ സ്വീകരിക്കാനുള്ള തുറന്ന മനസ്സോടെ എത്തുക എന്ന സന്ദേശമാണ് രാഹുൽ നൽകിയിരിക്കുന്നത്.
 
അതേസമയം, യുഡിഎഫ് കൺവീനർ പദവിയിലേക്ക് കെ. മുരളീധരനെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്. രാജ്യസഭയിലേക്കു പി.ജെ. കുര്യനെ വീണ്ടും പരിഗണിക്കണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പി ജി കുര്യനെ പരിഗണിക്കുന്നില്ലെങ്കിൽ പി.സി. ചാക്കോ, ഷാനിമോൾ ഉസ്മാൻ, ബെന്നി ബഹനാൻ എന്നിവരുടെ പേരുകൾ പരിഗണനയ്ക്കു വരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍