കേന്ദ്ര സര്‍ക്കാര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്ന സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ (എസ്എസ്എസി) ചോദ്യപേപ്പര്‍ വിവാദത്തില്‍. കംബയിന്‍റ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ ബോളിവുഡ് നടിമാരുടെ ഉയരം ചോദ്യങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തിയാണ് എസ്എസ്എസി പുലിവാല് പിടിച്ചത്.
ഞായറാഴ്ച നടന്ന പരീക്ഷയില്‍ താഴെ കൊടുത്തവരില്‍ ഉയരമുള്ള നടി ആരാണെന്നായിരുന്നു ചോദ്യം. ഹുമ ഖുറേഷി, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, പ്രീതി സിന്റെ എന്നിവരുടെ പേരുകളാണ് തെരഞ്ഞെടുക്കാന്‍ കൊടുത്തത്. പരീക്ഷയുടെ നിലവാരത്തിലും താഴെ നിന്നുള്ള ഈ ചോദ്യം വിവാദമായതോടെ എസ്എസ്സി ക്ഷമചോദിച്ച് തടിതപ്പി.
ചോദ്യം മോശമായതും അംഗീകരിക്കാന്‍ കഴിയാത്തതുമാണ് എസ്എസ്സി ചെയര്‍മാന്‍ എ ഭട്ടാചാര്യ പറഞ്ഞു. കമ്മീഷന്‍ വിഷയത്തില്‍ ക്ഷമചോദിക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. എസ്എസ്എസിയിലുള്ളവരല്ല ചോദ്യപേപ്പര്‍ തയാറാക്കിയതെന്നും ഭട്ടാചാര്യ അറിയിച്ചു. ചോദ്യം മൂല്യനിര്‍ണയത്തിന് പരിഗണിക്കേണ്ടെന്ന് എസ്എസ്സി തീരുമാനിച്ചു.