ശ്രീരാമ സേനയെ ഗോവയില്‍ കാലുകുത്തിക്കില്ല: മനോഹര്‍ പരിക്കര്‍

Webdunia
ബുധന്‍, 30 ജൂലൈ 2014 (17:54 IST)
ശ്രീരാമ സേനയ്ക്ക് ഗോവയില്‍ അവരുടെ യൂണിറ്റ് തുടങ്ങാന്‍ അനുമതി നല്‍കില്ലെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. ഗോവ നിയമസഭയില്‍ ബിജെപി എംഎല്‍എ വിഷ്ണു വാഗയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പരിക്കര്‍.

അതേസമയം ശ്രീരാമ സേന തലവന്‍ പ്രമോദ് മുത്താലിക് ഗോവയില്‍ വര്‍ഗീയ കലാപത്തിന് ശ്രമിച്ചിരുന്നുവെന്നതിന് മതിയായ തെളിവില്ലെന്നും പരിക്കര്‍ പറഞ്ഞു.പബ്ബുകളും നിശാപാര്‍ട്ടികളും ജീവിതത്തിന്റെ ഭാഗമായ ഗോവയിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ശ്രീരാമ സേന അധ്യക്ഷന പ്രമോദ് മുത്തലിക് നേരത്തേ പ്രഖ്യാപിച്ചത് വിവാദമായിരുന്നു.

ശ്രീരാമസേന പ്രവര്‍ത്തകര്‍ മംഗലാപുരം പബ്ബില്‍ കയറി ആക്രമണം നടത്തിയത് വന്‍ വിവാദമായിരുന്നു. നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത യുവാക്കളേയും യുവതികളേയും അവര്‍ ആക്രമിച്ചിരുന്നു. ശ്രീരാമ സേന ഗോവയിലേക്ക് എത്തുന്നുവെന്ന വാര്‍ത്ത വന്‍ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങളും ചര്‍ച്ച ചെയ്തത്.