സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നെഹ്റു കുടുംബത്തോട് അടുത്തബന്ധം പുലര്‍ത്തുന്ന കോണ്‍ഗ്രസ് നേതാവായ മണിശങ്കര്‍ അയ്യര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സോണിയ ഏകാധിപത്യ പ്രകൃതക്കാരിയാണെന്ന സിംഗ്ന്റെ വാദത്തെ തള്ളിയ അയ്യര്‍ താന്‍ ഒട്ടേറെ യോഗങ്ങളില്‍ അവരോടൊത്ത് പങ്കെടുത്തിട്ടുണ്ടെന്നും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
എന്നാല്‍ നട്‌വര്‍ സിംഗിന് അറിയാത്ത മറ്റ് കാരണങ്ങളും തീരുമാനത്തിന് പിന്നിലുണ്ടാവുമെന്ന് അയ്യര്‍ പറഞ്ഞു. സോണിയയുടെ തീരുമാനത്തിനു പിന്നില്‍ ഉള്‍മനസില്‍നിന്നുള്ള പ്രേരണ ഉണ്ടായിരുന്നില്ലെന്ന് നട്‌വര്‍ സിംഗ് പറഞ്ഞിട്ടുണ്ടോ എന്ന് അദ്ദേഹം തിരിച്ച് ചോദിച്ചു. 2004-ല്‍ പ്രധാനമന്ത്രിസ്ഥാനം നിരസിച്ചയുടനെ 'തനിക്ക് ഉള്‍മനസില്‍ നിന്ന് പ്രേരണയുണ്ടായി' എന്നാണ് സോണിയ പറഞ്ഞിരുന്നത്.
നട്‌വര്‍ സിംഗ് അദ്ദേഹത്തിന്റെ ഓര്‍മകളില്‍ പറഞ്ഞതും എഴുതിയതും സത്യത്തിന്റെ ഒരു ഭാഗംമാത്രമാണ്, അല്ലാതെ പൂര്‍ണമായും ശരിയല്ല. അമ്മയെക്കുറിച്ച് രാഹുല്‍ഗാന്ധി ആശങ്കപ്പെട്ടതില്‍ അസാധാരണമായി ഒന്നും താന്‍ കാണുന്നില്ലെന്നും അയ്യര്‍ പറഞ്ഞു.
നട്‌വര്‍ സിംഗിന്റെ വെളിപ്പെടുത്തലിനെ നിരാകരിച്ച കോണ്‍ഗ്രസ് വക്താവിന്റെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോള്‍ പാര്‍ട്ടിയെ പ്രതിരോധിക്കേണ്ട ആവശ്യം തനിക്കില്ലെന്നും വ്യക്തിപരമായ അഭിപ്രായമാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.