‘സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് രാഹുല്‍ എതിര്‍ത്തു‘ നട്‌വര്‍ സിംഗ്

Webdunia
വ്യാഴം, 31 ജൂലൈ 2014 (09:17 IST)
സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിനെ രാഹുല്‍ ഗാന്ധി എതിര്‍ത്തിരുന്നതായി മുന്‍ വിദേശകാര്യ മന്ത്രി നട്‌വര്‍ സിംഗ്.ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്  നട്‌വര്‍ സിംഗ് വെളിപ്പെടുത്തലുകള്‍ നടത്തിയത്.

തന്റെ അച്ഛന്‍ കൊല്ലപ്പെട്ടതുപോലെ തന്റെ അമ്മയും വധിക്കപ്പെടരുതെന്ന് രാഹുല്‍ ആഗ്രഹിച്ചിരുന്നു .മകന്‍ എന്ന നിലയില്‍ രാഹുലിന് ഞാന്‍ മുഴുവന്‍ മാര്‍ക്കും നല്‍കുന്നു നടവര്‍ പറഞ്ഞു.പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് വയ്ക്കാന്‍ രാഹുല്‍ സോണിയയ്ക്ക് 24 മണിക്കൂര്‍ സമയ പരിധി നല്‍കിയിരുന്നെന്നും നട്‌വര്‍ സിംഗ് പറയുന്നു.സോണിയയുടെ പ്രധാനമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചയില്‍ താനും മന്‍മോഹന്‍ സിംഗും ഗാന്ധി കുടുംബ സുഹൃത്ത് സുമന്‍ ദുബെയും പ്രിയങ്കാ ഗാന്ധിയുമാണ് പങ്കെടുത്തതെന്നും രാഹുലിന്റെ തീരുമാനത്തെപ്പറ്റി തങ്ങളെയറിയിച്ചത് പ്രിയങ്കയാണെന്നും അഭിമുഖത്തില്‍ നട്‌വര്‍ സിംഗ് പറഞ്ഞു.

പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആത്മകഥയായ ‘വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ് ആന്‍ ഓട്ടോബയോഗ്രഫി‘ യില്‍ നിന്നും ഇക്കാര്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിയും മകള്‍ പ്രിയങ്കയും കഴിഞ്ഞ മേയ് 7ന് തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും നട്‌വര്‍ സിംഗ് പറഞ്ഞു.

പ്രധാനമന്ത്രി കാര്യാലയത്തിലെ ഉദ്യോഗസ്ഥനായ പുലോക് ചാറ്റര്‍ജി  പ്രധാനപ്പെട്ട സര്‍ക്കാര്‍ ഫയലുകള്‍ സോണിയയുടെ അടുത്തെത്തിച്ചിരുന്നുവെന്നും സോണിയയ്ക്ക് കോണ്‍ഗ്രസിനുമേല്‍ നെഹ്രുവിനും ഇന്ദിര ഗാന്ധിക്കുമുണ്ടായിരുന്നതിനേക്കാള്‍ സ്വാധീനമുണ്ടെന്നും പാര്‍ട്ടിയിലെ അവസാന വാക്കാണ് സോണിയ ഗാന്ധിയെന്നും നട്‌വര്‍ സിംഗ് പറയുന്നു.ഉള്‍വിളി ലഭിച്ചതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് വയ്ക്കുന്നതെന്നാണ് നേരത്തെ സോണിയ ഗാന്ധി പറഞ്ഞിരുന്നത്.

എന്നാല്‍ തന്റെ ആത്മകഥ വില്കാനുള്ള വിലകുറഞ്ഞ തന്ത്രമാണിതെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ നട് വര്‍ സിംഗിന്റെ പരാമര്‍ശങ്ങളെപ്പറ്റി പറഞ്ഞു