ഗാര്‍ഹിക പീഡനം; സോംനാഥ് ഭാരതി ജയിലിലേക്ക്

Webdunia
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (12:52 IST)
ഗാര്‍ഹിക പീഡനക്കേസില്‍ ഡല്‍ഹി മുന്‍ നിയമമന്ത്രിയും ആം ആദ്മി പാര്‍ട്ടി  എം എല്‍ എയുമായ സോംനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ഇതോടെ ഭാരതിയെ ഉടന്‍ അറസ്റ്റു ചെയ്യാനുള്ള സാധ്യത തെളിഞ്ഞു. ഭാരതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയില്‍ ബോധ്യപ്പെടുത്തി.  ഭാര്യ ലിപിക മിത്രയാണ് ഇദ്ദേഹത്തിനെതിരെ ഗാര്‍ഹിക പീഡനത്തിനും വധശ്രമത്തിനും കേസ് നല്‍കിയത്.

മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന്  ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. വിധി വന്നതിനു തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച കീഴ്‌കോടതി ജാമ്യാപേക്ഷ നിരസിച്ചതോടെയാണ് ഭാരതി ഹൈക്കോടതിയെ സമീപിച്ചത്.

2010ലാണ് സോംനാഥും ലിപികയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വളര്‍ത്തുനായയെ ഉപയോഗിച്ച് ആക്രമിച്ചുവെന്നും ഗര്‍ഭിണിയായിരുന്ന സമയത്തു പോലും ഉപദ്രവിച്ചുവെന്നും ലിപിക പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പരാതി വ്യാജമാണെന്നും രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നിലെന്നും ഭാരതി പറഞ്ഞു.