കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കാർ അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരുക്ക്

Webdunia
ഞായര്‍, 6 മാര്‍ച്ച് 2016 (10:47 IST)
കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ കാർ അപകടത്തിൽപ്പെട്ടു.  മഥുര ജില്ലയിലെ വൃന്ദാവൻ ടൗണിലാണ് സംഭവം. ശനിയാഴ്ച രാത്രി യമുന അതിവേഗ പാതയിൽ വെച്ച് നടന്ന അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മന്ത്രി ഗുരുതര പരുക്കുകളില്ലാതെ രക്ഷപെട്ടു. 
 
യമുന എക്സ്പ്രസ് വേയിലൂടെ സഞ്ചരിക്കുകയായിരുന്ന സ്‌മൃതി ഇറാനിയുടെ കാര്‍, നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പിന്നാലെ വരികയായിരുന്ന കാറും ബൈക്കും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രികനായ ആഗ്ര സ്വദേശി രമേഷ് കൊല്ലപ്പെട്ടു.
 
താൻ സുരക്ഷിതയാണെന്ന് സ്മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചു. സഹായിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, മന്ത്രിയുടെ കാൽമുട്ടിനും കൈയ്ക്കും ചെറിയ പരുക്കേറ്റിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മന്ത്രിയുടെ വാഹനത്തിന് അകമ്പടി പോകുകയായിരുന്ന രണ്ടു പൊലീസുകാരെ പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.