സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ മരിച്ച സൈനികരില്‍ മലയാളിയും

Webdunia
ശനി, 6 ഫെബ്രുവരി 2016 (08:45 IST)
ജമ്മു കശ്‌മീര്‍ അതിര്‍ത്തിയിലെ സിയാച്ചിനില്‍ മഞ്ഞിടിച്ചില്‍ പെട്ട് മരിച്ച സൈനികരില്‍ മലയാളിയും. കൊല്ലം സ്വദേശിയായ സുധീഷ് ആണ് മരിച്ചത്. കൊല്ലം മണ്‍റോ തുരുത്ത് സ്വദേശിയായ സുധീഷ് ലാന്‍സ് നായിക് ആയി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു. മരിച്ച നാലുപേര്‍ തമിഴ്‌നാട്ടുകാരും മൂന്നുപേര്‍ കര്‍ണാടക സ്വദേശികളുമാണ്.
 
സൈനികര്‍ നിന്നിരുന്ന സ്ഥലത്തേക്ക് മഞ്ഞുപാളി ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ്, പത്തു സൈനികരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചത്.
 
അതേസമയം, റഡാര്‍ ഉപയോഗിച്ച് മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. മഞ്ഞിനടിയില്‍ എവിടെയാണ് മൃതദേഹങ്ങളെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഭൂമി തുളച്ചുകയറാന്‍ ശേഷിയുള്ള റഡാറുകള്‍ ആണ് ഉപയോഗിക്കുന്നത്.