ഷീലാദീക്ഷിത് ഉള്‍പ്പെടെയുള്ള ഗവര്‍ണ്ണര്‍മാരെ ‘തെറിപ്പിക്കാന്‍‘ ഉറച്ച് കേന്ദ്രം

Webdunia
വെള്ളി, 20 ജൂണ്‍ 2014 (11:17 IST)
നിര്‍ദ്ദേശം അവഗണിച്ച് ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണ്ണര്‍മാരെ തിരികെ വിളിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണ്ണര്‍മാര്‍ക്കെതിരെയുള്ള കേസുകള്‍ പൊടിതട്ടിയെടുക്കുന്നു. കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത്‌ ഉള്‍പ്പെടെയുള്ള മൂന്ന് ഗവര്‍ണര്‍മാര്‍ക്കെതിരെയാണ് കേന്ദ്രം പുതിയ തന്ത്രം പ്രയോഗിക്കുന്നത്.

ഇവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയ്‌ക്ക് ഒരുങ്ങി എന്നാണ് സൂചനകള്‍. ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന്‍, ഗോവ ഗവര്‍ണര്‍ ബി വി വാന്‍ചു എന്നിവരാണ് കേന്ദ്രം നൊട്ടമിട്ട മറ്റുരണ്ടുപേര്‍ വ്യത്യസ്‌ത കേസുകളില്‍ ഇവരെ ചോദ്യം ചെയ്യാനാണ്‌ കേന്ദ്രത്തിന്റെ തീരുമാനം.

ഗവര്‍ണര്‍മാരെ കൂട്ടത്തോടെ മാറ്റനാവില്ലെന്ന്‌ രാഷ്‌ട്രപതിക്ക്‌ നിയമോപദേശവും ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയുടെ തടസവാദത്തിനെ മറികടക്കുന്നതിനായാണ് കേന്ദ്രം പുതിയ ആയുധവുമായി എത്തിയിരിക്കുന്നത്.

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിയുമായി ബന്ധപ്പെട്ടാണ്‌ ഷീല ദീക്ഷിതിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്‌. ആഗസ്‌റ്റ വെസ്‌റ്റ് ലാന്‍ഡ്‌ അഴിമതിയില്‍ എം കെ നാരായണനെയും ബി വി വാന്‍ചുവിനെയും ചോദ്യം ചെയ്യും. കേസില്‍ സിബിഐ അന്വേഷണം നടക്കുകയാണ്‌.

യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മരോട്‌ രാജി വെക്കാന്‍ ആഭ്യന്തര സെക്രട്ടറി ഫോണില്‍ ബന്ധപ്പെട്ട്‌ ആവശ്യപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശ്‌ ഗവര്‍ണര്‍ ബി എല്‍ ജോഷി, ഛത്തീസ്‌ഗഢ്‌ ഗവര്‍ണര്‍ ശേഖര്‍ ദത്ത്‌ തുടങ്ങിയ ഗവര്‍ണര്‍മാര്‍ സ്‌ഥാനമൊഴിഞ്ഞപ്പോള്‍ ഇപ്പോള്‍ കേന്ദ്രം ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നവര്‍ ഉള്‍പ്പെടെയുള്ള ഗവര്‍ണര്‍മാര്‍ രാജിക്ക്‌ വിസമ്മതിച്ചിരുന്നു.