മാദ്ധ്യമപ്രവര്‍ത്തക ഷാസിയ ഇല്‍മി കൂടുതല്‍ സുന്ദരിയായതുകൊണ്ട് അവരെ കിരണ്‍ ബേദിക്കുപകരം ബിജെപി ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കേണ്ടിയിരുന്നുവെന്ന് പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കഡ്ജു അഭിപ്രായപ്പെട്ടത് വിവാദമാകുന്നു. ബേദിക്കുപകരം ഷാസിയയെ ആയിരുന്നു രംഗത്തിറക്കിയിരുന്നതെങ്കില്‍ ബിജെപി ഉറപ്പായും ഭരണം പിടിക്കുമായിരുന്ന് എന്നുകൂടി കഡ്ജു അഭിപ്രായപ്പെട്ടു. തന്റെ സങ്കല്‍പ്പത്തിലെ ഡല്‍ഹി മുഖ്യമന്ത്രിയേക്കുറിച്ചുള്ള സ്വപ്നങ്ങള്‍ കഡ്ജു പങ്കുവച്ചത് ട്വിറ്ററില്‍ കൂടിയായിരുന്നു.
' ക്രൊയേഷ്യയിലെപ്പോലെ ജനങ്ങള്‍ക്ക് സുന്ദരമായ മുഖങ്ങളെ ഇഷ്ടമാണ്. ഷാസിയ ആയിരുന്നു സ്ഥാനാര്‍ത്ഥിയെങ്കില്‍ വോട്ടു ചെയ്യാറില്ലാത്ത താന്‍ പോലും വോട്ടു ചെയ്യാനിറങ്ങുമായിരുന്നു"- ക്രൊയേഷ്യയില്‍ അതിസുന്ദരിയായ കൊലിന്ദ ഗ്രാബര്‍ കിതാരോവിക് പ്രസിഡന്റായ കാര്യം ചൂണ്ടിക്കാട്ടിയാണ് കഡ്ജു ഇങ്ങനെ അഭിപ്രായപ്പെട്ടത്. സംഭവം വിവാസമായതോടെ മറുപടിയുമായി കഡ്ജു തന്നെ രംഗത്തെത്തി. താന്‍ തമാശ പറഞ്ഞതാണ്, ആ രീതിയിലേ അതെടുക്കാവൂ എന്നുകൂടി അദ്ദേഹം നാട്ടുകാരെ ഓര്‍മ്മിപ്പിച്ചു.
സൗന്ദര്യം നോക്കി വനിതകളെ ഭരണാധികാരികളാക്കണമെന്ന് ശക്തമായി വാദിക്കുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു ഇതാദ്യമായയല്ല വിവാദത്തി പെടുന്നത്. ബോളിവുഡ് താരം കത്രീന കൈഫിനെ ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാക്കണമെന്ന് പറഞ്ഞ് ഇതിനുമുമ്പും കഡ്ജു വിവാദത്തില്‍ പെട്ടിരുന്നു. കത്രീന രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ 'ഷീല കി ജവാനി.." എന്ന പാട്ടുകൂടി പാടണം എന്ന് കൂടി കഡ്ജു ആവശ്യപ്പെട്ടത് വന്‍ കോളിളക്കമാണ് ഉണ്ടാക്കിയത്.
രാഷ്ട്രീയക്കാര്‍ ജനത്തിനുവേണ്ടി ഒന്നും ചെയ്യുകയില്ല. സുന്ദരികളാണെങ്കില്‍ ഒന്നുമല്ലെങ്കില്‍ കണ്ടുകൊണ്ടെങ്കിലും ഇരിക്കാമല്ലോ. ഒന്നുമില്ലാതിരിക്കുന്നതില്‍ഭേദം അതാണ് എന്നായിരുന്നു വിവാദങ്ങള്‍ക്ക് കഡ്ജു നല്‍കിയ വിശദീകരണം. കൂടാതെ ഭരണതലപ്പത്തെ എല്ലാ പ്രധാന തസ്തികകളിലും ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊലിന്ദ ഗ്രാബര്‍ കിതാരോവികിനേപ്പോലെ സുന്ദരികളായവേരെ നിയമിക്കണമെന്ന നിര്‍ദ്ദേശവും കഡ്ജുവിനുണ്ട്.