ബിജെപിയുടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ താന്‍ പരാമര്‍ശം നടത്തിയതായുള്ള വാര്‍ത്തകളെ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ തള്ളി. മോഡി പ്രധാനമന്ത്രിയായാല്‍ താന്‍ ഇന്ത്യ വിടുമെന്ന് ഷാരൂഖ് ട്വീറ്റ് ചെയ്തതായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ വാര്‍ത്ത പരന്നിരുന്നു. ഇക്കാര്യം ട്വിറ്ററിലൂടെ തന്നെ കിംഗ് ഖാന്‍ നിഷേധിച്ചു.
ടെലിവിഷന്‍ നടനും ബിഗ് ബോസ് പരിപാടിയിലെ മുന്‍ താരവുമായ കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെയാണ് ഈ ട്വീറ്റിന്റെ പേരില്‍ വിവാദത്തിന് വഴിതുറന്നത്. മോഡി ജയിച്ചതിനാല്‍ താന്‍ ഇന്ത്യ വിടുന്നുവെന്ന് കെആര്‍കെ ട്വീറ്റ് ചെയ്തു. എസ്ആര്‍കെയും (ഷാരൂഖ് ഖാന്‍) മറ്റുള്ളവരും അവരുടെ വാക്ക് പാലിക്കുമോയെന്ന് എനിക്കറിയില്ല. എന്നാല്‍ ഞാന്‍ വാക്കു പാലിക്കും - കെആര്‍കെ ട്വിറ്ററില്‍ എഴുതി. ഇതോടെയാണ് മോഡി പ്രധാനമന്ത്രിയായാല്‍ ഷാരൂഖ് ഖാന്‍ ഇന്ത്യ വിടുമെന്ന് പറഞ്ഞതായി വാര്‍ത്ത പരന്നത്.