ശനി ഷിഗ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയത് ബലാത്സംഗം പോലെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്ന് ദ്വാരകശാരദ പീഠം ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി. സ്ത്രീകള്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രവേശിക്കുന്നത് നാശം വിളിച്ചു വരുത്തുന്നതിന് തുല്ല്യമാണ്. ശനി ഷിഗ്നാപൂരിലെ പരിശുദ്ധമായ സ്ഥലത്ത് സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ലായിരുന്നു. അവിടെ പ്രവേശിക്കുന്നത് സ്ത്രീകള്‍ക്ക് ദോഷകരമാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
പാപ ഗ്രഹങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നതാണ് ശനി. ശനിയെ ആരാധിക്കുന്നത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകും. സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ മാത്രമെ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ സഹായകമാകുയുള്ളുവെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ശനി ഷിഗ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ വിലക്കുന്ന നാല് നൂറ്റാണ്ട് പഴക്കമുള്ള ഉത്തരവ് പിന്‍വലിച്ചത്. ശനി ഷിഗ്നാപൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ സംഘടനയായ ഭൂമാത ബ്രിഗേഡാണ് കോടതിയെ സമീപിച്ചത്.