മുംബൈ നഗരത്തില്‍ സെല്‍ഫിക്ക് വിലക്കേര്‍പ്പെടുത്താന്‍ മുംബൈ പൊലീസ് തീരുമാനിച്ചു. 16 പ്രധാന കേന്ദ്രങ്ങളിലാണ് സെല്‍ഫിക്ക് വിലക്കേര്‍പ്പെടുത്തുക.
കഴിഞ്ഞയാഴ്ച്ച ബാന്ദ്രാതീരത്ത് സെല്‍ഫി എടുക്കുന്നതിനിടെ കോളജ് വിദ്യാര്‍ത്ഥിനിയും സുഹൃത്തും അപകടത്തില്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സെല്‍ഫിക്ക് വിലക്കേര്‍പ്പെടുത്താന്‍ മുംബൈ പൊലീസ് തീരുമാനിച്ചത്.
എന്നാല്‍, എവിടെയെല്ലാം വിലക്ക് ഏര്‍പ്പെടുത്തണമെന്നത് സംബന്ധിച്ചുള്ള അന്തിമതീരുമാനം പൊലീസിന്റേത് ആയിരിക്കും. നഗരത്തിലെ പ്രധാനപ്പെട്ടതും അപകടകരങ്ങളുമായ കേന്ദ്രങ്ങളിലാവും വിലക്ക് ഏര്‍പ്പെടുത്തുക.
ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സഹായത്തോടെ വിലക്ക് ഏര്‍പ്പെടുത്തുന്ന സ്ഥലങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. ബാന്ദ്ര, ജുഹു, മറൈന്‍ ഡ്രൈവ് എന്നിവയാകും സെല്‍ഫിക്ക് വിലക്കേര്‍പ്പെടുത്താന്‍ സാധ്യതയുള്ള പ്രധാനകേന്ദ്രങ്ങള്‍.
അതേസമയം, ഇതുവരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ ബോധവത്കരണം നടത്തുന്നതിനു ശ്രമിക്കുന്നുണ്ടെന്നും മുംബൈ ഡി സി പി ധനഞ്ജയ് കുല്‍ക്കര്‍ണി പറഞ്ഞു.