ചോര്‍ന്നത് സ്‌കോര്‍പ്പിന്റെ അതീവ രഹസ്യങ്ങള്‍, ഇവ പാകിസ്ഥാനും ചൈനയും കൈവശപ്പെടുത്തിയെന്ന് സംശയം; ഇന്ത്യന്‍ അന്തര്‍വാഹിനി ഇനി ബാധ്യതയാകുമോ ?

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2016 (15:36 IST)
ഇന്ത്യയ്ക്ക് വേണ്ടി തന്ത്രപ്രധാനമായ അന്തര്‍വാഹിനി നിര്‍മ്മിച്ചുകൊണ്ടിരുന്ന ഫ്രഞ്ച് ആയുധ കമ്പനി ഡിസിഎന്നില്‍ നിന്ന് തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ന്നത് ഇന്ത്യക്ക് തിരിച്ചടിയാകും. ദി ഓസ്ട്രേലിയൻ എന്ന മാധ്യമത്തിന്റെ റിപ്പോർട്ട് അനുസരിച്ചു 22,400 പേജുകളുള്ള വിവരങ്ങളാണു ചോർന്നത്. 2011ല്‍ ഒരു മുന്‍ ഫ്രഞ്ച് നേവി ഉദ്യോഗസ്ഥനാണ് വിവരങ്ങള്‍ മോഷ്ടിച്ചതെന്നും അക്കാലത്ത് ഡിസിഎന്നിന്റെ സഹ കോണ്‍ട്രാക്ടറായിരുന്നു അദ്ദേഹമെന്നും ആണ് വിവരങ്ങള്‍ പുറത്തുവിട്ട ഓസ്‌ട്രേലിയന്‍ പത്രം പറയുന്നത്.

അന്തര്‍വാഹിനിയില്‍ നിന്ന് കപ്പലുകള്‍ക്കെതിരെ തൊടുക്കുന്ന ടോര്‍പ്പിഡോകളുടെ വിക്ഷേപണ സംവിധാനം, വിവിധ വേഗതയില്‍ അന്തര്‍വാഹനിയില്‍ നിന്ന് പുറപ്പെടുന്ന ശബ്ദം, വെള്ളത്തിനടിയില്‍ എത്ര ആഴത്തില്‍ കിടക്കാം തുടങ്ങിയ ഏറ്റവും പ്രധാനമായ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. അന്തര്‍വാഹിനിയിലെ സെന്‍സറുകള്‍ ആശയ വിനിമയം, ഗതിനിര്‍ണയം തുടങ്ങിയ കാര്യങ്ങളും ചേര്‍ന്നതില്‍ പെടുന്നു.

സ്കോർപീനിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ, ടോർപിഡോകൾ, ആയുധങ്ങൾ, കമ്യൂണിക്കേഷൻ, നാവിഗേഷൻ സംവിധാനം തുടങ്ങിയവ സംബന്ധിച്ച രഹസ്യ വിവരങ്ങളും ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ദക്ഷിണേന്ത്യന്‍ രാജ്യങ്ങളിലെ പല കമ്പനികളിലേക്കും കൈമാറ്റം ചെയ്‌തിട്ടുണ്ടെന്നും വാര്‍ത്തയുണ്ട്. അതിനൊപ്പം രഹസ്യ വിവരങ്ങള്‍ പാകിസ്ഥാനും ചൈനയും കൈവശമാക്കിയോ എന്നും സംശയമുണ്ട്. ഈ വിവരങ്ങള്‍ ലഭിക്കാന്‍ ഇരു രാജ്യങ്ങളും ശ്രമിച്ചിരുന്നതായും മുമ്പ് സൂചനകളുണ്ടായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി ആറ് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍ വാഹിനികളാണ് ഡിസിഎന്‍ നിര്‍മ്മിക്കുന്നത്. ഇതിന്റെ പരീക്ഷണ ഓട്ടം 2015 ല്‍ നടന്നിരുന്നു. ഇന്ത്യന്‍ നാവിക സേനയ്ക്ക് ഇത് കൈമാറാനിരിക്കെയാണ് ഗുരുതരമായ രഹസ്യ ചോര്‍ച്ച ഉണ്ടായിരിക്കുന്നത്.

3.9 ബില്യണ്‍ ഡോളറിന്റെ ഇടപാടണ് ഇന്ത്യയ്ക്ക് ഡിസിഎന്നുമായി ഉണ്ടായിരുന്നത്. സംഭവത്തെപ്പറ്റി ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു. വിവരങ്ങള്‍ പുറത്തായത് തങ്ങളുടെ ഇടപാടുകാരെ കാരയമായി ബാധിച്ചതായി ഡിസിഎന്‍ പുറത്ത് വിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
Next Article