നികുതിഭാരം കുറഞ്ഞാൽ മാത്രമേ സാധാരണക്കാർക്ക് മുന്നേറാന്‍ കഴിയൂ; ജിഎസ്ടി നിരക്കുകൾ കുറയ്ക്കുമെന്ന സൂചന നല്‍കി അരുണ്‍ ജെയ്റ്റ്‌ലി

Webdunia
ഞായര്‍, 1 ഒക്‌ടോബര്‍ 2017 (17:03 IST)
ചരക്ക് സേവന നികുതി(ജിഎസ്ടി) നിരക്കുകള്‍ കുറയ്ക്കുമെന്ന സൂചന നല്‍കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വരുമാനത്തിലുണ്ടായ നഷ്ടം പരിഹരിച്ച ശേഷമായിരിക്കും ജിഎസ്ടി നിരക്കുകള്‍ കുറക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന നികുതി നിരക്കുകള്‍ ചെറുകിട വ്യവസായങ്ങളെ ദോഷകരമായി ബാധിച്ചേക്കുമെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ പുതിയ തീരുമാനം.
 
നിലവിലെ നികുതിഘടനയിൽ ചില മാറ്റങ്ങള്‍ വരേണ്ടതുണ്ട്. രാജ്യത്ത് അതിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. നികുതിഭാരം കുറഞ്ഞാൽ മാത്രമേ സാധാരണക്കാർക്ക് മുന്നേറാന്‍ കഴിയൂ. വരുമാന നഷ്ടം നികത്തിയാൽ വലിയ തരത്തിലുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ സാധ്യമായേക്കുമെന്നും കുറഞ്ഞ നികുതി നിരക്കുകൾ കൊണ്ടുവരാന്‍ നമുക്ക് കഴിയുമെന്നും ഫരീദാബാദിൽ നടന്ന ചടങ്ങിൽ ജയ്റ്റ്ലി വ്യക്തമാക്കി.
 
നോട്ടുകള്‍ നിരോധിച്ച നടപടിയും ചരക്ക് സേവന നികുതി സംവിധാനവും നമ്മുടെ രാജ്യത്തിനു ഗുണം മാത്രമെ ചെയ്തിട്ടുള്ളൂവെന്നായിരുന്നു കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ജയ്റ്റ്ലി പറഞ്ഞിരുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനകം സര്‍ക്കാര്‍ പ്രതീക്ഷിച്ച തരത്തിൽതന്നെ നികുതി സംഭരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അടുത്ത ഏതാനും മാസത്തോടെ വരുമാനം കുതിച്ചുകയറുമെന്നാണു പ്രതീക്ഷയെന്നും ജയ്റ്റ്‍ലി വ്യക്തമാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article