സാക്ഷിയെ ‘സാക്ഷി’യാക്കിക്കൊണ്ട് അവര്‍ കാര്യം സാധിച്ചു; റിയോയിലെ അഭിമാനതാരം ഒന്നും പറയാതെ നോക്കിയിരുന്നു... പിന്നെ പുറത്തേക്ക് പോയി

Webdunia
വെള്ളി, 26 ഓഗസ്റ്റ് 2016 (15:15 IST)
റിയോ ഒളിമ്പിക്‍സില്‍ ഇന്ത്യക്ക് അഭിമാനമായി ആദ്യ മെഡല്‍ രാജ്യത്തിനായി നേടിയ സാക്ഷി മാലിക്കിനെ ഒരു വാക്ക് പോലും സംസാരിക്കാന്‍ അനുവദിക്കാതെ നടത്തിയ സ്വീകരണ ചടങ്ങ് വിവാദമാകുന്നു. സാക്ഷിയുടെ ഗ്രാമമായ മോക്‌റയില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലാണ് തന്നെ കാണാനെത്തിയവരോട് ഒരു വാക്കു പോലും സംസാരിക്കാന്‍ അനുവാദം കിട്ടാതെ റിയോയിലെ താരം മടങ്ങിയത്.

36 ഗ്രാമങ്ങളില്‍ നിന്നും 15,000ത്തിലധികം ആളുകള്‍ മോക്‌റയില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ സാക്ഷിയുടെ വാക്കുകള്‍ കേള്‍ക്കുന്നതിനായി എത്തിയിരുന്നു. രാഷ്‌ട്രീയ നേതാക്കളും സ്ഥലത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങില്‍ ഇവര്‍ തന്നെ മൈക്ക് മണിക്കൂറോളം ഉപയോഗിച്ച് രാഷ്‌ട്രീയ പ്രസംഗവും വാചക കസര്‍ത്തും നടത്തി. ഇതോടെയാണ് രണ്ടര മണിക്കൂര്‍ നീണ്ട ചടങ്ങില്‍ ഒന്നും സംസാരിക്കാന്‍ കഴിയാതെ സാക്ഷി മടങ്ങിയത്.

ഹരിയാന വിദ്യാഭ്യാസ മന്ത്രി രാം ബിലാസ് ശര്‍മ്മയാണ് മൈക്ക് ഉപയോഗിക്കുന്നതില്‍ മുന്നില്‍ നിന്നത്. കായിക താരങ്ങളെ പുകഴ്‌ത്തിയും സാക്ഷിക്ക് എന്തൊക്കെ സംസ്ഥാനം നല്‍കുമെന്നും പറഞ്ഞ് ഇദ്ദേഹം സമയം കളയുകയായിരുന്നു. പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എ മേഹവും പ്രസംഗിച്ച് സമയം കളയുന്നതില്‍ മുന്നില്‍ നിന്നു. തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് അഭയ് സിങ് ചൗട്ടാല, കോണ്‍ഗ്രസ് നേതാവും റോത്തക്ക് എംപിയുമായ ദീപേന്ദര്‍ സിങ് ഹൂഡ എന്നിവരും മൈക്ക് സ്വന്തമാക്കി.

ഈ സമയം ചിരിക്കാനും വേദിയില്‍ ഇരിക്കുന്നവര്‍ക്ക് ഹസ്തനദാനം നല്‍കാനും മാത്രമേ സാക്ഷിയ്ക്ക് അവസരം ലഭിച്ചുള്ളൂ. ഇതോടെ സാക്ഷിയുടെ ആരാധകര്‍ ബഹളം വയ്‌ക്കുകയും പ്രതിഷേധിക്കുകയും ചെയ്‌തു തുടര്‍ന്നാണ് നേതാക്കള്‍ തങ്ങളുടെ വാചക കസര്‍ത്ത് അവസാനിപ്പിച്ചത്.
Next Article