നിക്ഷേപർക്ക് തിരികെ നൽകാൻ പണം കണ്ടെത്തുന്നതിന് സഹാറയുടെ വസ്തുവകകൾ ലേലം ചെയ്യാൻ സുപ്രീംകോടതി ആലോചിക്കുന്നു. ഇതിനായി ഒരു റിസീവറെ ചുമതലപ്പെടുത്തുന്നതു സംബന്ധിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ അനുമതി തേടിയിരിക്കുകയാണ് സുപ്രീംകോടതി.
സെപ്തംബർ 14ന് മുൻപ് ഇതുസംബന്ധിച്ച തീരുമാനം അറിയിക്കണമെന്നാണ് സെബിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തടവിലുള്ള സഹാറാ ഗ്രൂപ്പ് സ്ഥാപകൻ സുബ്രതാ റോയിയുടെ മോചനത്തിന് നിക്ഷേപകർക്ക് മടക്കിനൽകാനുള്ള 570 കോടി ഡോളർ കെട്ടിവയ്ക്കാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇതിനായി പതിനെട്ട് മാസത്തെ സമയമാണ് കോടതി സഹാറാ ഗ്രൂപ്പിന് നൽകിയിരിക്കുന്നത്.
അതേസമയം, തിങ്കളാഴ്ച സുബ്രതോ റോയിയുടെ ജാമ്യ ഹർജിയിൽ വാദം കേൾക്കവെ അദ്ദേഹത്തിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം നടത്തുകയുണ്ടായി. 1,85,000 കോടിയുടെ ആസ്ഥിയുണ്ടെന്ന് അവകാശപ്പെടുന്ന റോയി തടവ് സ്വയം തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് കോടതി കുറ്റപ്പെടുത്തി. ആസ്ഥിയുടെ അഞ്ചിൽ ഒന്നു മാത്രമാണ് നിക്ഷേപകർക്ക് മടക്കി നൽകാനുള്ളത്. എന്നാൽ, അതിനു പ്രതിയ്ക്ക് അതിനു കഴിയുന്നില്ല. ധനം കൊണ്ട് അനുഗ്രഹീതനായ വ്യക്തി സ്വത്ത് കൈവിടാൻ തയ്യാറാകാതെ ജീവിതം ജയിലിൽ ഹോമിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.