ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യം വച്ചുള്ള ആര്‍ എസ് എസ് നീക്കം അപകടകരം; രാഷ്ട്രീയ ഈസായ് മഞ്ചിനെതിരെ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം

Webdunia
തിങ്കള്‍, 15 ഫെബ്രുവരി 2016 (15:52 IST)
ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യം വച്ച് ആര്‍ എസ് എസ് രൂപികരിക്കനൊരുങ്ങുന്ന രാഷ്ട്രീയ ഈസായ് മഞ്ചിനെതിരെ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം. ഇത് ആര്‍ എസ് എസിന്റെ തന്ത്രമാണെന്നും അതില്‍ അകപ്പെട്ടുപോകരുതെന്നും ഡല്‍ഹിയില്‍ നടന്ന ക്രിസ്തീയ നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു.
 
ക്രിസ്ത്യന്‍ സമുദായത്തിന് മാത്രം വേണ്ടിയുള്ളതാണെന്ന് പറയുന്ന ഈസായ് മഞ്ചിന്റെ ചട്ടക്കൂട് തങ്ങള്‍ തയാറാക്കുമെന്നും തങ്ങള്‍ പറയുന്നത് അനുസരിക്കണമെന്നുമാണ് ആര്‍ എസ് എസ് പറയുന്നത്. ഇത് അവരുടെ ഗൂഢതന്ത്രമാണ്. മുസ്ലിംങ്ങള്‍ക്കായി മുസ്ലിം രാഷ്ട്രീയ മഞ്ച് രൂപവത്കരിച്ചശേഷം എത്ര കലാപങ്ങളും കൂട്ടക്കൊലകളും രാജ്യത്തുണ്ടായെന്ന് ക്രിസ്ത്യന്‍സമുദായം ഓര്‍മിക്കണമെന്നും യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം സംഘടിപ്പിച്ച ദേശീയ കൂടിയാലോചനയില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
 
മുസ്ലിം രാഷ്ട്രീയ മഞ്ച് മാതൃകയില്‍ രാഷ്ട്രീയ ഈസായ് മഞ്ചുണ്ടാക്കാന്‍ ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ്‌കുമാര്‍ വിവിധ ക്രിസ്ത്യന്‍ നേതാക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ദേശീയ കൂട്ടായ്മ സംഘടിപ്പിച്ചത്.
 
ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിരവധി ക്രിസ്ത്യന്‍ സംഘടനകള്‍ ആര്‍ എസ് എസിനെ സമീപിച്ചിട്ടുണ്ടെന്ന ഇന്ദ്രേഷ് കുമാറിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ദല്‍ഹി കത്തോലിക്കാ രൂപത വക്താവ് സവാരിമുത്തു ശങ്കര്‍ പറഞ്ഞു. മുന്‍ ദേശീയോദ്ഗ്രഥന കൗണ്‍സില്‍ അംഗം ജോണ്‍ ദയാല്‍, സോണിയ ഗാന്ധിയുടെ ദേശീയ ഉപദേശകസമിതി അംഗമായിരുന്ന ഹര്‍ഷ് മന്ദിര്‍, ബംഗളൂരു സെന്റ് ജോസഫ്‌സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ആംബ്രോസ് എന്നിവര്‍ സംസാരിച്ചു.