“അയാളുടെ തലവെട്ടി ആരെങ്കിലും എനിക്ക് കൊണ്ടുതരൂ”; പിണറായിയുടെ തലവെട്ടുന്നവർക്ക് ഒരു കോടി പാരിതോഷികമെന്ന് ആർഎസ്എസ്

Webdunia
വ്യാഴം, 2 മാര്‍ച്ച് 2017 (14:20 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ തലവെട്ടുന്നവർക്ക് ഒരുകോടി രൂപ പാരിതോഷികം നൽകുമെന്ന് ആർഎസ്എസ് നേതാവ്. മധ്യപ്രദേശിലെ ആർഎസ്എസ് നേതാവ് ഡോ ചന്ദ്രാവത് ആണ് പൊതുപരിപാടിക്കിടെ പ്രകോപന പ്രസംഗം നടത്തിയത്.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഉജ്ജയിനിൽ നടന്ന പരിപാടിക്കിടെയായിരുന്നു ചന്ദ്രാവതിന്‍റെ വിവാദ പ്രസംഗം. തലവെട്ടുന്നവർക്ക് തന്‍റെ സ്വത്തുക്കൾ വിറ്റാണെങ്കിലും പണം നൽകുമെന്നും ചന്ദ്രാവത് വ്യക്തമാക്കി.

300 സ്വയം സേവകരുടെ കൊലയ്ക്ക് കാരണക്കാരനായ രാജ്യദ്രോഹിയാണ് അയാളുടെ തലവെട്ടി ആരെങ്കിലും എനിക്ക് കൊണ്ടുതരൂ. ഇത് ചെയ്യുന്നവര്‍ക്ക് പണം കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഞാനെന്റെ വീടും സ്വത്തുമെല്ലാം അയാള്‍ക്ക് എഴുതി നല്‍കും. ഇയാളെ പോലുള്ള രാജ്യദ്രോഹികള്‍ക്ക് ഈ രാജ്യത്ത് കഴിയാന്‍ യാതൊരു അവകാശവുമില്ലെന്നും ചന്ദ്രാവത് പറഞ്ഞു.

ബിജെപി- ആർഎസ്എസ് നേതാക്കൾക്കും പ്രവർത്തകർക്കും നേരെ സിപിഎം ആക്രമണം നടത്തുന്നുവെന്ന ആരോപണത്തിനിടെയാണ് ചന്ദ്രാവത് പിണറായിക്കെതിരെ പ്രസ്‌താവന നടത്തിയത്. മധ്യപ്രദേശ് എംപി ചിന്താമണി മാളവ്യയും ഉജ്ജെയിന്‍ എംഎല്‍എ മോഹന്‍ യാദവും പങ്കെടുത്ത ചടങ്ങിലാണ് ആര്‍എസ്എസ് നേതാവിന്റെ കൊലവിളി.

എതിര്‍പ്പുകള്‍ അവഗണിച്ച് മംഗളൂരുവിൽ എത്തിയ പിണറായി വിജയൻ ആർഎസ്എസിനെതിരേ രൂക്ഷ പരാമര്‍ശം നടത്തിയിരുന്നു. മുസോളിനിയുടെ പാത പിന്തുടർന്ന് പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്എസ് എന്നായിരുന്നു പിണറായിയുടെ വിമർശനം.
Next Article