മാനനഷ്‌ടക്കേസില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. മഹാത്മഗാന്ധിയുടെ വധം സംബന്ധിച്ച് ആര്‍ എസ് എസിനെ കുറ്റപ്പെടുത്തി നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസിലാണിത്. കേസില്‍ മാപ്പു പറയുകയോ മാപ്പു പറഞ്ഞില്ലെങ്കില്‍ വിചാരണ നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്കി.
ആർ എസ് എസ് സമർപ്പിച്ച അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹര്‍ജിയിലാണ് കോടതി പരാമർശം. അപകീർത്തി കേസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി രാഹുൽ സമർപ്പിച്ച ഹര്‍ജി മുംബൈ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. രാഹുലിന്റെ വാദം കേള്‍ക്കുന്നതിനായി കേസ് ഈ മാസം 27ലേക്ക് മാറ്റി.
2014 മാര്‍ച്ച് ആറിന് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മഹാരാഷ്‌ട്രയിലെ സോണാലിയില്‍ "രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധത്തിൽ ആർ എസ് എസിന് പങ്കുണ്ട്. ഇപ്പോൾ അവർ ഗാന്ധിയെക്കുറിച്ച് പറയുന്നു. ആർ എസ് എസ് ഗാന്ധിയെയും സർദാർ വല്ലഭായി പട്ടേലിനെയും എതിർത്തിരുന്നു" എന്നാണ് രാഹുൽ പറഞ്ഞത്.