ആര്‍എസ്‌എസ്‌ നേതാവിന്റെ വധം: കേന്ദ്രം റിപ്പോര്‍ട്ട് തേടി

Webdunia
ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (10:58 IST)
കണ്ണൂരില്‍ ആര്‍എസ്‌എസ്‌ നേതാവ്‌ കെ മനോജ്‌കുമാര്‍ കൊല്ലപ്പെട്ടതിനെ കുറിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട്‌ തേടി. സംഭവത്തെ കുറിച്ചുളള പ്രാഥമിക റിപ്പോര്‍ട്ട്‌ എത്രയും വേഗം സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗ്‌ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട്‌ ആവശ്യപ്പെട്ടു.

ആഭ്യന്തര സെക്രട്ടറി നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടും. റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലായിരിക്കും സംസ്‌ഥാന സര്‍ക്കാരിനോട്‌ കേന്ദ്രം ആശയവിനിമയം നടത്തുക.  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായുടെ കേരള സന്ദര്‍ശനത്തിനിടെ കണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് അതീവ ഗൌരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്.

അതേസമയം, മനോജ്‌കുമാറിന്റെ കൊലപാതകം സിപിഎം സംസ്‌ഥാന, ജില്ലാ നേതൃത്വങ്ങളുടെ അറിവോടെയാണെന്ന്‌ പ്രാന്തകാര്യവാഹക്‌ പി ഗോപാലന്‍കുട്ടി മാസ്‌റ്റര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച്‌ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല എന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മില്‍ നിന്ന്‌ അണികള്‍ കൊഴിഞ്ഞു പോകുന്നത്‌ തടയാന്‍ വേണ്ടിയാണ്‌ കൊലപാതകം നടത്തിയത്‌. സിപിഎമ്മിനു വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ്‌ അന്വേഷണ സംഘത്തെ നയിക്കുന്നത്‌. അതിനാല്‍ അന്വേഷണത്തില്‍ നിന്ന്‌ നീതി ലഭിക്കുമെന്ന്‌ കരുതാനാവില്ല. ഇക്കാര്യം കണ്ണൂരിലെ ജനങ്ങള്‍ക്ക്‌ വ്യക്‌തമായി അറിയാമെന്നും ഗോപാലന്‍കുട്ടി മാസ്‌റ്റര്‍ പറഞ്ഞു.

കണ്ണൂരിലെ ആര്‍എസ്‌എസ്‌ കാര്യാലയത്തിന്‌ സമീപമുളള സ്‌ഥലത്തായിരിക്കും മനോജ്‌കുമാറിന്റെ മൃതദേഹം സംസ്‌കരിക്കുകയെന്ന്‌ ആര്‍എസ്‌എസ്‌ നേതൃത്വം വ്യക്‌തമാക്കി. കൂടുതല്‍ സംഘര്‍ഷമുണ്ടാവാതിരിക്കാന്‍ പ്രദേശത്ത്‌ വന്‍ പോലീസ്‌ സന്നാഹമാണ്‌ ഒരുക്കിയിരിക്കുന്നത്‌.

അതേ സമയം അന്വേഷന സംഘത്തില്‍ അവിശ്വാസം പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും പികെ കൃഷ്ണദാസും രംഗത്തെത്തിയിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.