റൂട്ട്കനാല്‍ ചികിത്സയ്ക്കിടെ മൂന്നു വയസ്സുകാരി മരിച്ചു

Webdunia
ശനി, 4 ജൂലൈ 2015 (16:34 IST)
റൂട്ട്കനാല്‍ ചികിത്സയ്ക്ക് വിധേയയായ മൂന്നു വയസ്സുകാരി കൊല്ലപ്പെട്ടു. പൂനെയിലെ ഒരു ക്ലിനിക്കില്‍ വെച്ചാണ് മൂന്നു വയസ്സുകാരി കൊല്ലപ്പെട്ടത്.സനാവി രെവാത്കര്‍ എന്ന പെണ്‍കുട്ടിയാണ് പല്ലിന്റെ ചികിത്സയ്ക്കിടെ മരിച്ചത്. ചികിത്സ നടക്കുമ്പോള്‍ കുട്ടിയുടെ പിതാവും ഒപ്പമുണ്ടായിരുന്നു.

കുട്ടി മരിയ്ക്കാന്‍ കാരണം ഡോക്ടറുടെ ചികിത്സാപിഴവാണെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. ഇത്  ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് നിരജ്ഞന്‍ പോലീസില്‍ പരാതി നല്‍കി. കുട്ടിയുടെ പല്ല് ഡ്രില്ലു ചെയ്യുന്ന സമയത്ത് കുട്ടി മയക്കത്തിലായിരുന്നതായി പിതാവ് പറഞ്ഞു. ഡോക്ടര്‍ മൂന്ന് തവണ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ചുവെന്നും പെട്ടെന്ന് കണ്ണു തുറന്ന കുട്ടി തുറിച്ചു നോക്കിയ ശേഷം വീണ്ടും ഗാഢനിദ്രയിലായെന്നും പിതാവ് പറഞ്ഞു. ചികിത്സ കഴിഞ്ഞ് കുട്ടിയെ എടുക്കുമ്പോഴും അവള്‍ അബോധാവസ്ഥയിലായിരുന്നു.

കുട്ടിയ്ക്ക് ബോധം വരുത്താന്‍ ഡോക്ടര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പിതാവ് പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അനസ്‌തേഷ്യ പിഴവാണ് മരണകാരണമെന്നാണ് വിദഗ്ധര്‍ കരുതുന്നതെന്നും പിതാവ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തന്റെ പിഴവല്ല കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍ വ്യക്തമാക്കി.