പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസ്; ബിസിനസിലെ ദിവസേനയുള്ള നടത്തിപ്പില്‍ പങ്കാളിത്തമില്ലെന്ന് റോബിന്‍ ഉത്തപ്പ

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 22 ഡിസം‌ബര്‍ 2024 (10:50 IST)
പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ പ്രതികരണവുമായി ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ. ബിസിനസിലെ ദിവസേനയുള്ള നടത്തിപ്പില്‍ പങ്കാളിത്തമില്ലെന്ന് റോബിന്‍ ഉത്തപ്പ പറഞ്ഞു. കൂടാതെ കമ്പനികളില്‍ തനിക്ക് എക്‌സിക്യൂട്ടീവ് പദവികള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ് താരം, ടിവി അവതാരകന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സമയം കിട്ടാറില്ലെന്നും തനിക്ക് നിക്ഷേപം ഉള്ള ഒരു കമ്പനികളിലും എക്‌സിക്യൂട്ടീവ് പദവികള്‍ വഹിക്കുന്നില്ലെന്നും ഉത്തപ്പ പറഞ്ഞു.
 
കഴിഞ്ഞദിവസമാണ് പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സെഞ്ചുറീസ് ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ റോബിന്‍ ഉത്തപ്പ ഒരു സ്ഥാപനം നടത്തിയിരുന്നു. ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി പ്രൊവിഡന്റ് ഫണ്ടിലേക്ക് ഒരു നിശ്ചിത തുക ശമ്പളത്തില്‍ നിന്ന് പിടിച്ചിരുന്നു. എന്നാല്‍ ഈ തുക നിക്ഷേപിച്ചിരുന്നില്ല. 23 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ കമ്പനി തട്ടിയതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
 
ഇതിന് പിന്നാലെയാണ് റോബിന്‍ ഉത്തമയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പി എഫ് റീജിയണല്‍ കമ്മീഷണര്‍ ശതാക്ഷരി ഗോപാല്‍ റെഡ്ഡിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പുലകേശീ നഗര്‍ പോലീസിനോടായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ പുലകേശി നഗറില്‍ വീട്ടില്‍ ഉത്തപ്പ ഇപ്പോള്‍ താമസിക്കുന്നില്ലെന്നും കുടുംബസമേതം ദുബായിലാണ് താമസം എന്നുമാണ് പോലീസ് പറഞ്ഞത്. ഡിസംബര്‍ 27 നുള്ളില്‍ ഉത്തപ്പയെ അറസ്റ്റ് ചെയ്യാനാണ് പോലീസിന് നല്‍കിയ നിര്‍ദ്ദേശം.

അനുബന്ധ വാര്‍ത്തകള്‍

Next Article