സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുടെ വിവാദ ഭൂമിയിടപാടിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥനെ ഹരിയാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് കണ്‍സോളിഡേഷന്‍ ഓഫീസറായ ദല്‍ബീര്‍ സിംഗിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗുഡ്ഗാവ് ജില്ലയിലെ മറ്റൊരു ഭൂമിയിടപാടില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
ഗുഡ്ഗാവ് ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് സസ്‌പെന്‍ഷന്‍. ഭൂമിയിടപാടുമായി ബന്ധപ്പെട്ടു നടന്ന വഞ്ചനാക്കേസില്‍ ഈ മാസം പതിനൊന്നിന് ദല്‍ബീര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2012ല്‍ റോബര്‍ട്ട് വദ്രയും ഡിഎല്‍എഫും തമ്മിലുള്ള ഭൂമിയിടപാട് നടത്തിക്കൊടുത്തത് ദല്‍ബീര്‍ സിംഗാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രജിസ്‌ട്രേഷന്‍ വിഭാഗം ഐജിയായിരുന്ന അശോക് ഖെംക ഐഎഎസ് ഇടപാട് റദ്ദാക്കിയിരുന്നെന്നാണ് സൂചന. എന്നാല്‍ 2014 ജൂലൈയില്‍ റവന്യൂ രേഖകള്‍ തിരുത്തി സിംഗ് ഇടപാട് വീണ്ടും നിയമവിധേയമാക്കി.