കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യം പാഴാക്കിയത് 40,000 ടണ്‍ ധാന്യങ്ങള്‍...!

Webdunia
തിങ്കള്‍, 15 ജൂണ്‍ 2015 (16:07 IST)
രാജ്യം എല്‍‌നിനോ പ്രഭാവത്തിന്റെ പിടിയില്‍ പെട്ട് അതിവരള്‍ച്ചയെന്ന ഭീതിതമായ അവസ്ഥയിലേക്ക് നീങ്ങുന്നതിനിടെ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാജ്യം പാഴാക്കിയത് 40,000 ടണ്‍ ധാന്യങ്ങള്‍ എന്ന് കണക്കുകള്‍. ഏറ്റവും കുടുതല്‍ ആള്‍ക്കാര്‍ പട്ടിണി കിടക്കുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്നുള്ള യു എന്നിന്റെ ഹംഗര്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ്  ഞെട്ടിക്കുന്ന അനാസ്ഥയുടെ കണക്കുകള്‍ പുറത്തുവന്നത്.

ഇന്ത്യയില്‍ ഉടനീളമുള്ള എഫ്‌സിഐ ഗോഡൗണുകള്‍ക്ക് ധാന്യങ്ങള്‍ സൂക്ഷിക്കാന്‍ മതിയായ സൌകര്യങ്ങള്‍ ഇല്ലാതായതാണ് ഭക്ഷ്യധാന്യങ്ങള്‍ നശിക്കാനിടയായതെന്നാണ് സൂചന. പാഴായിപ്പോയ ധാന്യങ്ങളില്‍ 27,000 ടണ്‍ അരിയും 26,000 ടണ്‍ ഗോതമ്പും ഉള്‍പ്പെടെ 56,000 ടണ്‍ ഭക്ഷ്യധാന്യം 2010ല്‍ തന്നെ നശിച്ചുകഴിഞ്ഞിരുന്നതായാണ് കണക്കുകള്‍ പറയുന്നത്. സംസ്ഥാനങ്ങള്‍ നേരിട്ട പ്രകൃതിക്ഷോഭങ്ങളും ഗോഡൗണുകളിലെ സൗകര്യങ്ങളുടെ അഭാവവും ഈ നഷ്ടം വരും വര്‍ഷങ്ങളില്‍ രൂക്ഷമാക്കി.

2010-11 കാലത്ത്‌ നഷ്‌ടമായത്‌ 6,346 ആയിരുന്നു. ഇതിനെ അപേക്ഷിച്ച്‌ 2014-15 കാലത്ത്‌ 18,847.22 ടണ്‍ ധാന്യമാണ്‌. 2011-12 കാലയളവില്‍ 3,338.01 ടണ്‍ ധാന്യങ്ങള്‍ നശിച്ചപ്പോള്‍ 2012-13 കാലത്തിനിടയില്‍ 3,148.44 ടണ്ണും 2013-14 കാലത്ത്‌ 24,695.45 ടണ്ണും നഷ്‌ടമായി. ധാന്യങ്ങള്‍ പാഴാക്കിയതില്‍ ഒന്നാം സ്‌ഥാനത്ത്‌ ഒഡീഷയായിരുന്നു. 7,108 ടണ്‍. ജമ്മുകശ്‌മീരാണ്‌ തൊട്ടു പിന്നില്‍. 6,120 ടണ്ണാണ്‌ നശിച്ചത്‌. 2,262 ടണ്ണുമായി ആന്ധ്രയും 707 ടണ്ണുമായി കര്‍ണാടകയുമാണ്‌ പിന്നില്‍. ജൂണ്‍ ഒന്ന് വരെ ഇ വര്‍ഷം 568.34 ടണ്‍ ധാന്യങ്ങളാണ്‌ ഇന്ത്യയില്‍ പാഴാക്കിയത്‌. അതേസമയം 194 ദശലക്ഷമാണ്‌ ഇന്ത്യയിലെ പട്ടിണിക്കാര്‍.