രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ഉടലെടുത്ത അനിശ്ചിതത്വം തുടരവെ ‘റിസോർട്ട് രാഷ്ട്രീയ‘ത്തിന്റെ വേദിയായി കന്നടനാട് മാറുന്നു. കേവല ഭൂരിപക്ഷമില്ലാതെ ബിജെപി സമ്മര്‍ദ്ദത്തിലായതും, ജനതാദളുമായി (ജെഡിഎസ്) സഖ്യം ചേരാന്‍ ഒരുക്കമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയും ചെയ്‌തതാണ് പുതിയ സാഹചര്യങ്ങള്‍ ഉടലെടുക്കാന്‍ കാരണമായത്.
കോൺഗ്രസിന്റെയും ജെഡിഎസിന്റെയും എംഎൽഎമാരെ എന്തുവിലകൊടുത്തും ചാക്കിട്ടു പിടിക്കാൻ ബിജെപി അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ തങ്ങളുടെ എംഎൽഎമാർ കൈവിട്ടു പോകാതിരിക്കാൻ ഇരു പാര്‍ട്ടികളും ശ്രമം തുടരുകയാണ്.
എന്നാൽ ആശങ്കകൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഇപ്പോൾ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. രാമനഗരയിലെ ബിഡദയിലുള്ള റിസോർട്ടിലേക്ക് എംഎൽഎമാരെ മാറ്റിയെന്നാണ് സൂചന. നേരത്തെ ബംഗളൂരുവിലെ ഈഗിൾടൺ റിസോർട്ടിൽ കോൺഗ്രസ് 120 മുറികൾ ബുക്ക് ചെയ്തതായാണു റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. എന്നിരുന്നാലും അമിത് ഷായുടെ തന്ത്രങ്ങൾ വ്യക്തമായി അറിയാവുന്ന വ്യക്തിയും റിസോർട്ട് രാഷ്‌ട്രീയത്തില്‍ ബുദ്ധിമാനുമായ ഡികെ ശിവകുമാറിനെയാണ് ഈ നീക്കത്തിനായി കോണ്‍ഗ്രസ് മുന്നില്‍ നിര്‍ത്തിയിരിക്കുന്നതിനാൽ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ ചുമതലയുള്ള ശിവകുമാറിന് ബിജെപിയുടെ നീക്കങ്ങള്‍ വേഗം തിരിച്ചറിയാന്‍ കഴിയുമെന്നാണ് വിലയിരുത്തൽ.
എന്നാൽ കോൺഗ്രസ് തങ്ങളുടെ എൻഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുമ്പോൾ ജെഡിഎസ് അവരുടെ എംഎൽഎമാരെ കേരളത്തിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്. ജെഡിഎസ് നിയമസഭാ കക്ഷി യോഗം കഴിഞ്ഞാലുടൻ എംഎൽഎമാരെ പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ എത്തിച്ചേക്കും.