Mangalsutra: താലി അഴിച്ചുമാറ്റുന്നത് ഭർത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യം, വിവാഹമോചനത്തിന് കാരണമാകാം: മദ്രാസ് ഹൈക്കോടതി

വെള്ളി, 15 ജൂലൈ 2022 (19:49 IST)
താലി അഴിച്ചുമാറ്റുന്നത് ഭർത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. ജസ്റ്റിസ് വിഎം വേലുമണി, എസ് സൗന്ദർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് വിധി. കുടുംബക്കോടതി വിവാഹമോചനം നിഷേധിച്ചതിനെ തുടർന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വിധി.
 
ഈറോഡ് മെഡിക്കൽ കോളേജ് പ്രഫസർ സി ശിവകുമാറിനാണ് കോടതി വിവാഹമോചനം അനുവദിച്ചത്. ഭർത്താവുമായി അകന്ന് കഴിഞ്ഞപ്പോൾ താലി ചെയിൻ അഴിച്ചുമാറ്റിയിരുന്നതായി ഭാര്യ കോടതിയിൽ സമ്മതിച്ചിരുന്നു. ഹിന്ദു വിവാഹനിയമപ്രകാരം താലികെട്ടുക നിർബന്ധമല്ലെന്നും താലി അഴിച്ചുമാറ്റിയെന്ന ശിവകുമാറിൻ്റെ വാദം ശരിയാണെങ്കിൽ തന്നെ വിവാഹബന്ധത്തെ ബാധിക്കില്ലെന്നും യുവതിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ഭർത്താവ് ജീവിച്ചിരിക്കെ ഹിന്ദു സ്ത്രീകൾ താലി അഴിച്ചുമാറ്റില്ലെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണെന്ന് കോടതി പറഞ്ഞു.
 
വിവാഹത്തിൽ ഒഴിവാക്കാൻ കഴിയാത്ത ആചാരമാണ് താലിക്കെട്ട്. ഭർത്താവിൻ്റെ മരണശേഷമാണ് ഇത് നീക്കം ചെയ്യാറുള്ളത്. അതിനാൽ ഭർത്താവ് ജീവിച്ചിരിക്കെ ഇത് നീക്കം ചെയ്യുന്നത് ക്രൂരഹയാണെന്നും വിവാഹമോചനത്തിന് മതിയായ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. 2011 മുതൽ ദമ്പതികൾ പിരിഞ്ഞുതാമസിക്കുകയാണെന്നും യുവതിയുടെ ഭാഗത്ത് നിന്ന് അനുരഞ്ജന ശ്രമങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും കോടതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍