'ജയലളിതയെ വിട്ടയയ്ക്കണം’; തമിഴ്നാട്ടില്‍ സിനിമ ബന്ദ്

Webdunia
ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (10:02 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് വിട്ടയയ്ക്കണമെന്ന് തമിഴ് സിനിമ ലോകം. മുന്‍ അഭിനേത്രി കൂടിയായ ജയലളിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് തമിഴ്‌നാട്ടില്‍ സിനിമ ബന്ദ്. സംസ്ഥാനത്തെ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ല.
 
ശിക്ഷയ്‌ക്കെതിരേ തമിഴ് ഫിലിം എക്‌സിബിറ്റേര്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നിരാഹാര സമരം നടക്കുകയാണ്. തമിഴ് നിര്‍മാതാക്കളുടെ സംഘടനയായ തമിഴ് ഫിലിം പ്രൊഡ്യൂസേര്‍സ് കൗണ്‍സിലും സൗത്ത് ഇന്ത്യന്‍ ആര്‍ടിസ്റ്റ് അസോസിയേഷനും നിരാഹാര സമരത്തെ പിന്തുണച്ച് രംഗത്തുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെയാണ് സമരം. ഇന്നലെ തമിഴ് നടനും താരസംഘടന നേതാവുമായ ശരത്കുമാര്‍ ജയലളിതയെ ജയിലിലെത്തി കണ്ടിരുന്നു. 
 
മുഖ്യമന്ത്രിയായിരിക്കേ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ ജയലളിതയ്ക്ക് നാല് വര്‍ഷം തടവും 100 കോടി പിഴയുമാണ് ചുമത്തിയത്. ജയലളിതയുടെ ഉറ്റതോഴി ശശികലയ്ക്കും മറ്റ് രണ്ട് പേര്‍ക്കും തടവിന് പുറമേ 10 കോടി പിഴയും ശിക്ഷ വിധിച്ചു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.