5000 കോടിക്ക് ഉടമകളില്ല, വട്ടം ചുറ്റി റിസര്‍വ് ബാങ്ക്

Webdunia
ഞായര്‍, 27 ജൂലൈ 2014 (14:11 IST)
ഉടമകളില്ലാത്ത നിഷ്ക്രിയ ആസ്തികള്‍ രാജ്യത്തെ ബാങ്കുകളില്‍ പെരുകുന്നതായി വാര്‍ത്തകള്‍. രാജ്യത്തെ വിവിധ ബാങ്കുകളിലായി 1.45 കോടി അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് 5124.98 കോടി രൂപയാണ്. എന്നാല്‍ ഇത്രയും തുകയുടെ യഥാര്‍ത്ഥ അവകാശികള്‍ ആരൊക്കെ എന്നതിന് ബാങ്കികള്‍ക്കൊ റിസര്‍വ് ബാങ്കിനൊ യാതൊരു വിവരവുമില്ല.

നിക്ഷേപിച്ച ഈ തുകയുടെ യഥാര്‍ഥ അവകാശികളെ കണ്ടെത്താന്‍ നടപടി വേണമെന്നു കാണിച്ച് റിസര്‍വ് ബാങ്ക് പലകുറി ബാങ്കുകള്‍ക്ക് നോട്ടീസയച്ചെങ്കിലും ഫലമുണ്ടായില്ല. റിസര്‍വ് ബാങ്ക് രൂപവത്കരിച്ച പ്രത്യേക ഫണ്ടിലേക്ക് ഈ പണം മാറ്റുകയാണ് ഇപ്പോള്‍ ബാങ്കുകള്‍.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ, സ്വകാര്യ ബാങ്കുകളില്‍ മാത്രമല്ല പൊതുമേഖലാ ബങ്കുകളില്‍ പോലും കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങള്‍ ഇത്തരത്തിലുള്ളതുണ്ട്. 2472.21 കോടിയാണ് ഇവയില്‍ അവകാശികളെ കാത്തുകിടക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും ആറ് അനുബന്ധ ബാങ്കുകളിലുമായി 1469.99 കോടി വരും

2005 മുതല്‍ രാജ്യത്ത് ഇത്തരം അക്കൗണ്ടുകളും ഇതിലെ നിക്ഷേപവും പെരുകുകയാണ്. 2005ല്‍ 1.06 കോടി അക്കൗണ്ടുകളിലായി 929 കോടി രൂപയായിരുന്നു അവകാശികളില്ലാതെ കിടന്നിരുന്നത്. 2013 അവസാനിക്കുമ്പോള്‍ അക്കൗണ്ടുകളുടെ എണ്ണം 1.45 കോടിയാവുകയും നിക്ഷേപസംഖ്യ 5124.98 കോടിയായി വര്‍ധിക്കുകയും ചെയ്തു.