കല്ലുകള്‍ക്ക് പകരം കശ്‌മീരി യുവാക്കള്‍ പുസ്തകവും പേനയുമെടുക്കണം; കശ്‌മീര്‍ ഇല്ലാതെ ഇന്ത്യയ്ക്ക് നിലനില്‍ക്കാന്‍ കഴിയില്ലെന്നും രാജ്‌നാഥ് സിംഗ്

വ്യാഴം, 25 ഓഗസ്റ്റ് 2016 (15:29 IST)
കശ്‌മീര്‍ ഇല്ലാതെ രാജ്യത്തിന് നിലനില്‍ക്കാന്‍ കഴിയില്ലെന്നും കശ്‌മീരില്ലാതെ ഇന്ത്യ അപൂര്‍ണമാണെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. സംഘര്‍ഷബാധിതമായ കശ്‌മീരില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തിയോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
 
കശ്‌മീരി യുവാക്കളുടെ ഭാവികൊണ്ട് പന്താടരുതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കശ്‌മീരിലെ യുവാക്കള്‍ കല്ലുകള്‍ക്ക് പകരം കമ്പ്യൂട്ടറുകളും പുസ്തകവും പേനയുമാണ് എടുക്കേണ്ടത്. യുവാക്കളെ വഴി തെറ്റിക്കുന്ന ഘടകങ്ങള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും കശ്‌മീരിലെ 95 ശതമാനം ജനങ്ങളും അക്രമം ആഗ്രഹിക്കുന്നില്ല. അവര്‍ സമാധാനമാണ് കാംക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
 
സുരക്ഷാസൈനികരോട് പരമാവധി സംയമനം പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയകാലത്ത് സൈന്യം നടത്തിയ സേവനങ്ങൾ ജനങ്ങൾ മറക്കരുത്. പെല്ലറ്റ് ഗണ്ണുകൾക്ക് പകരം സംവിധാനം എന്തെന്ന് ഉടൻ തന്നെ സർക്കാർ പ്രഖ്യാപിക്കുന്നതാണെന്നും രാജ്നാഥ് സിങ് ഇക്കാര്യങ്ങൾ അറിയിച്ചത്.

വെബ്ദുനിയ വായിക്കുക