നൂഡില്‍‌സ് വിപണി പിടിക്കാന്‍ ഇറങ്ങിയ ബാബാ രാംദേവിന് കേന്ദ്രത്തിന്റെ നോട്ടീസ്

Webdunia
ശനി, 21 നവം‌ബര്‍ 2015 (10:43 IST)
മതിയായ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ പുറത്തിറക്കുന്നതിനാൽ യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി നൂഡിൽസിന് കേന്ദ്രം നോട്ടീസ് അയച്ചു. ഫുഡ് സേഫ്റ്റ് ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ആണ് നോട്ടീസയച്ചിരിക്കുന്നത്.

നൂഡില്‍‌സ് വില്‍ക്കുന്നതിന് എഫ്എസ്എസ്എഐ അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് രാംദേവ് പറഞ്ഞിരുന്നത്. എന്നാല്‍ അനുമതിയില്ലാതെയാണ് പതഞ്ജലി ആയുർവേദ് ആട്ടാ നൂഡിൽസ് പുറത്തിറക്കിയത്. ഇതിലാണ് എഫ്എസ്എസ്എഐ വിശദീകരണം തേടിയിരിക്കുന്നത്.

ന്യൂഡിൽസിന് ലൈസൻസിലെന്ന വിവരം പുറത്തുവന്നതോടെ ഉദ്യോഗസ്ഥരുമായി സംസാരിച്ചു വിഷയം പരിഹരിക്കുമെന്ന് ബാബാ രാംദേവ് നേരത്തെ അറിയിച്ചിരുന്നു.

വിൽക്കാനുള്ള അനുമതി പത്രവും നിർമാതാക്കളുടെ ലൈസൻസും സഹിതം എഫ്എസ്എസ്എഐ ആസ്ഥാനത്തേക്ക് പ്രതിനിധികളെ അയയ്ക്കുമെന്നും ഉദ്യോഗസ്ഥ തലത്തിലെ ഏകോപനമില്ലായ്മയാണ് കാരണമെന്നും രാംദേവ് വ്യക്തമാക്കിയിരുന്നു. ഒരുമിച്ചിരുന്നാൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളേയുള്ളൂവെന്നാണ് രാംദേവ് അറിയിച്ചത്.