ഡിസംബര്‍ ആറിന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങും'; കോടതിയില്‍ വാദം നടക്കവെ പ്രഖ്യാപനവുമായി ബിജെപി എംപി

തുമ്പി എബ്രഹാം
ബുധന്‍, 16 ഒക്‌ടോബര്‍ 2019 (15:53 IST)
അയോധ്യാ കേസിൽ സുപ്രീംകോടതിയില്‍ നടക്കുന്ന വാദം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വിവാദ പ്രസ്താവനയുമായി ബിജെപി എംപി സാക്ഷി മഹാരാജ്. ഡിസംബര്‍ ആറിനു രാമക്ഷേത്ര നിര്‍മ്മാണം അയോധ്യയിൽ തുടങ്ങുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.1992 ഡിസംബര്‍ ആറിനാണ് ബാബ്‌റി പള്ളി പൊളിച്ചത്. അതിനാല്‍ കെട്ടിടം തകര്‍ത്ത ദിവസം തന്നെ ക്ഷേത്രനിര്‍മാണം തുടങ്ങുകയെന്നതു യുക്തിപരമാണെന്ന് സാക്ഷി പറഞ്ഞു.
 
‘പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ പ്രയത്‌നങ്ങളിലൂടെയാണ് ഈ സ്വപ്‌നം ഫലവത്താകുന്നത്. ക്ഷേത്രനിര്‍മാണത്തില്‍ സഹായിക്കാന്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുപോലെ മുന്നോട്ടുവരികയാണു വേണ്ടത്. ബാബര്‍ വൈദേശീയ അക്രമിയാണെന്നും തങ്ങളുടെ പിതാമഹന്‍ അല്ലെന്നുമുള്ള വസ്തുത സുന്നി വഖഫ് ബോര്‍ഡ് അംഗീകരിക്കണമെന്നും സാക്ഷി അഭിപ്രായപ്പെട്ടു.
 
ഇന്നു കോടതിയില്‍ നടന്ന വാദത്തിനിടെ നാടകീയ രംഗങ്ങളുണ്ടായിരുന്നു. ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ വികാസ് സിങ് സമര്‍പ്പിച്ച രേഖകള്‍ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ വെച്ച് കീറിയെറിഞ്ഞത് ഏറെ വിവാദമായി.വികാസ് നല്‍കിയ ഭൂപടവും രേഖകളുമാണു കീറിയെറിഞ്ഞത്. ഇത്തരം വിലകുറഞ്ഞ രേഖകള്‍ കോടതിയില്‍ അനുവദിക്കരുതെന്ന് രാജീവ് പറഞ്ഞു.ഇതേത്തുടര്‍ന്നു രൂക്ഷമായ ഭാഷയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പ്രതികരിച്ചത്. മാന്യത നശിപ്പിച്ചെന്ന് പറഞ്ഞ അദ്ദേഹം, രാജീവിനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article