ഏറെ നാളത്തെ പോരാട്ടങ്ങള്‍ക്കൊടുവില്‍ രാജ്യത്തെ ഭിന്ന ലിംഗക്കാര്‍ക്ക് സന്തോഷം നല്‍കുന്ന ചരിത്ര പ്രാധാന്യ ബില്ലിന് രാജ്യസഭ അംഗീകാരം നല്‍കി. ശബ്ദവോട്ടോടെയാണ് ദ റൈറ്റ്‌സ് ഓഫ് ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സണ്‍സ് എന്ന ബില്ല് രാജ്യസഭ അംഗീകരിച്ചത്. 45 വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ക്കാരിന്റെ ഭാഗമല്ലാത്ത സ്വകാര്യവ്യക്തി അവതരിപ്പിച്ച ബില്‍ എന്ന പ്രത്യേകതയും ഈ നിമിഷത്തിന് മാത്രം അവകാശപ്പെട്ടതാണ്. ഡിഎംകെ അംഗം തിരുച്ചി ശിവ അവതരിപ്പിച്ച ബില്ലാണ് സഭ പാസാക്കിയത്. 1970 ലാണ് ഇതിന് മുന്‍പ് രാജ്യസഭയില്‍ സ്വകാര്യ ബില്ല് പാസായത്.
സാധാരണ പൗരന്‍മാരെപ്പോലുളള നിയമപരിരക്ഷ ഉറപ്പു നല്‍കുന്നതോടൊപ്പം മൂന്നാം ലിംഗക്കാര്‍ക്കെതിരായ ചൂഷണവും അതിക്രമവും തടയാനും ബില്ലില്‍ വ്യവസ്ഥകളുണ്ട്. ഇത്തരക്കാരുടെ ക്ഷേമം ഉറപ്പുവരുത്താനായി ദേശീയതലത്തില്‍ കമ്മീഷന്‍ രൂപീകരിക്കണമെന്നും പ്രത്യേക കോടതി രൂപീകരിക്കണമെന്നും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. മൂന്നാം ലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ബില്ല് അവതരിപ്പിച്ച് തിരുച്ചി ശിവ ആവശ്യപ്പെട്ടു.
ഈ ബില്‍ ലോക്സഭ കൂടി പാസാക്കിയാല്‍ മാത്രമേ നിയമമാകു. എന്നാല്‍ ലോക്സഭയില്‍ ഈ നിയമം പാസാകുമെന്നാണ് വിവരം. എന്നാണ് ബില്ല് ലോക്സഭയില്‍ അവതരിപ്പിക്കുക എന്നത് വ്യക്തമല്ല. അതേസമയം മൂന്നാം ലിംഗക്കാര്‍ക്ക് തുല്യ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന തരത്തില്‍ നിയമഭേദഗതിക്കായാണ് താന്‍ ഈ ബില്ല് അവതരിപ്പിക്കുന്നതെന്ന്‍ ശിവ പറഞ്ഞു.
പല ലോകരാജ്യങ്ങളും മൂന്നാം ലിംഗക്കാരെ സംരക്ഷിക്കാന്‍ നടപടികള്‍ കൈക്കൊണ്ടു തുടങ്ങി പിന്നെന്തുകൊണ്ടാണ് ഇന്ത്യ ഇക്കാര്യത്തില്‍ പിന്നോട്ടുപോകുന്നതെന്നും ശിവ ചോദിച്ചു. ബില്ല് പാസായതില്‍ നിരവധി രാജ്യസഭാംഗങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചു. സഭയുടെ ഏകകണ്ഠമായ തീരുമാനമാണിതെന്നും അപൂര്‍വ്വ നിമിഷമാണിതെന്നും ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍ പറഞ്ഞു.