വെടിവെക്കാന്‍ തുടങ്ങിയാല്‍ ഇന്ത്യ ബുള്ളറ്റുകളുടെ എണ്ണം നോക്കില്ല: രാജ്നാഥ് സിംഗ്

Webdunia
ഞായര്‍, 13 സെപ്‌റ്റംബര്‍ 2015 (11:17 IST)
പാക് പ്രകോപനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ്. പാക് ആക്രമണങ്ങള്‍ തുടരുബോഴും ഇന്ത്യ സംയമനം പാലിക്കുകയാണ്. എന്നാല്‍ സഹികെട്ട് ഇന്ത്യ തിരിച്ചടിച്ചാല്‍ ബുള്ളറ്റുകളുടെ എണ്ണം നോക്കില്ല. അതേസമയം, എല്ലാവരും നമ്മുടെ സുഹൃത്തുക്കളാണെന്നും അയൽക്കാരെ മാറ്റാനാകില്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.

പാക് ആക്രമണങ്ങളേക്കാള്‍ ഇന്ത്യ ഭയക്കുന്നതും ഭീഷണി നേരിടുന്നതും ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുടെ പ്രവര്‍ത്തനമാണ്. ഓൺലൈൻ റിക്രൂട്ട്മെന്റ് വഴി നമ്മുടെ യുവാക്കള്‍ ഭീകരവാദത്തിനായി പോകുന്നത് സുരക്ഷാ വെല്ലുവിളി തന്നെയാണ്.
ഭീകരസംഘടനയിലേക്ക് ആകൃഷ്ടരാകുന്ന യുവാക്കളെ മുസ്‍ലിം കുടുംബങ്ങൾ അതിൽ പോകാതെ തടയുന്നത് സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വളരെ വേഗത്തിലാണ് ഇന്ത്യ വളരുന്നത്. അടുത്ത 10–15 വർഷത്തിനുള്ളിൽ ഇന്ത്യ വലിയ സാമ്പത്തിക ശക്തിയുള്ള രാജ്യമായി മാറും. അതിനാൽ തന്നെ സുരക്ഷാ കാര്യത്തിൽ ഇന്ത്യ വലിയ വെല്ലുവിളി നേരിടുന്നുണ്ട്.