ഹിന്ദി പുരസ്കാരങ്ങളില്‍ നിന്ന് രാജീവ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടി

Webdunia
ചൊവ്വ, 21 ഏപ്രില്‍ 2015 (17:22 IST)
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പേരിലുള്ള പുരസ്കാരങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ വെട്ടിത്തിരുത്തല്‍. ഹിന്ദി ദിവസ് ആചരണത്തിന്റെ ഭാഗമായി വര്‍ഷം തോറും നല്‍കി വരുന്ന പുരസ്കാരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പുനര്‍ നാമകരണം ചെയ്തത്. ഇന്ദിരാ ഗാന്ധി രാജഭാഷാ പുരസ്കാര്‍, രാജീവ് ഗാന്ധി രാഷ്ട്രീയ ജ്ഞാന്‍-വിജ്ഞാന്‍ മൌലിക് പുസ്തക് ലേഖന്‍ പുരസ്കാര്‍ എന്നിവയാണ് പുനര്‍നാമകരണം ചെയ്തത്.
 
ഇനി ഇവ രാജഭാഷാ കീര്‍ത്തി പുരസ്കാര്‍, രാജഭാഷാ ഗൌരവ് പുരസ്കാര്‍ എന്നിങ്ങനെ അറിയപ്പെടും. ഹിന്ദി ഭാഷയുടെ ഉന്നമനത്തിനുവേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്കാരങ്ങള്‍. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14 ന് രാഷ്ട്രപതിയാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നത്.  പുതിയ പേരുകള്‍ മാര്‍ച്ച് 25 മുതല്‍ പ്രാബല്യത്തില്‍ വന്നതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്.
 
അതേസമയം കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.  രാഷ്ട്രീയ പകവീട്ടലിന്റെ ഭാഗമായിട്ടാണ് ബിജെപി സര്‍ക്കാര്‍ പേരുകള്‍ നീക്കം ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മോഡി സര്‍ക്കാരിന്റെ തരംതാണ പ്രവൃത്തിയാണിതെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. എന്നാല്‍ പേരുകള്‍ നീക്കം ചെയ്തതിനു പിന്നില്‍ രാഷ്ട്രീയ വൈര്യമില്ലെന്നും ഭരണപരമായ നീക്കം മാത്രമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.