പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 20 പേര്‍ മരിച്ചു. അപകടത്തില്‍ 15 പേരെ കാണാതായി. ഡാര്‍ജിലിംഗ് ജില്ലയിലെ കലിംപോംഗ്, കുര്‍സിയോംഗ് എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
കനത്തമഴയിലും മണ്ണിടിച്ചിലിലും നരവധി നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നു. മണ്ണിടിച്ചിലില്‍ എന്‍എച്ച് 10, എന്‍എച്ച് 55 എന്നീ റോഡുകള്‍ തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു.
കുർസിയോങിലെ ടിങ്‌ളിംഗ് ടീ ഗാർഡന് സമീപം കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് വീടുകൾ ഒഴുകിപ്പോയി. വീടുകളിൽ ഉറങ്ങിക്കിടന്ന നിരവധി പേർ മരിച്ചു. കലിന്പോങിൽ മാത്രം 200 എം.എം മഴയാണ് ലഭിച്ചത്. ഇവിടെ ഏഴ് പേർ മരിച്ചു. മരിച്ച പലരുടേയും മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.
മണ്ണിടിച്ചിലിനെ തുടർന്ന് ജില്ലയിൽ പലയിടത്തും റോഡുകൾ തകർന്നു. മിരികിനേയും സിലിഗുരിയേയും ബന്ധിപ്പിക്കുന്ന പാലം ഒലിച്ചു പോയി. പ്രദേശത്തേക്ക് മണ്ണ് മാറ്റാനുള്ള ഉപകരണം കൊണ്ടു വന്നുകൊണ്ടിരിക്കുകയാണെന്ന് ജഡാർജിലിങ് ജില്ലാ മജിസ്ട്രേറ്റ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. റോഡ് ഗതാഗതം പുനസ്ഥാപിക്കാനായി സൈന്യത്തിന്റെ സഹായം അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.