റെയില്‍വേ നിരക്ക് വര്‍ദ്ധനക്കെതിരെ ശിവസേന

Webdunia
ഞായര്‍, 22 ജൂണ്‍ 2014 (13:05 IST)
റെയില്‍വേ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ എന്‍ഡിഎ ഘടകകക്ഷിയായ ശിവസേനയും രംഗത്ത്. സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത നിരക്ക് വര്‍ധനവ് പിന്‍വലിക്കണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.

ഇക്കാര്യമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസാരിക്കുമെന്നും താക്കറേ പറഞ്ഞു. നിരക്ക് വര്‍ധനവ് പിന്‍വലിക്കുകയോ കുത്തനെ ഉയര്‍ത്തിയ നിരക്കില്‍ കുറവ് വരുത്തുകയോ ചെയ്യണമെന്നാണ് ശിവസനയുടെ ആവശ്യം. നിരക്ക് വര്‍ധിക്കുമ്പോഴും മാറ്റമില്ലാതെ റെയില്‍വേയുടെ ശോചനീയാവസ്ഥയെയും ശിവസേന തലവന്‍ ഉദ്ധവ് താക്കറെ വിമര്‍ശിച്ചു.

റെയില്‍വേയെ ഏറ്റവുമധികം ആശ്രയിക്കുന്ന മുംബൈ നഗരത്തെ ഈ നിരക്ക് വര്‍ധനവ് സാരമായിത്തന്നെ ബാധിക്കുമെന്നതാണ് ഉദ്ധവ് താക്കറെയുടെ വിമര്‍ശനത്തിനാധാരം. അതേസമയം നിരക്ക് വര്‍ധനവിനെതിരെ വരും ദിവസങ്ങളില്‍ ട്രെയിന്‍ തടയുന്നതടക്കമുള്ള സമരങ്ങളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

നിരക്ക് വര്‍ധിപ്പിക്കുന്നുവെങ്കില്‍ അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കണമെന്നും ശിവസേന ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കന്‍ തന്നെയാണ് നിരക്ക് വര്‍ധനവെന്നും ഇതിന് യാത്രക്കാര്‍ തന്നെയാണ് പണം നല്‍കേണ്തന്നും നിരക്ക് വര്‍ധനവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അരുണ്‍ജയ്റ്റ്‌ലി പറഞ്ഞിരുന്നു.