ആദായനികുതി വകുപ്പിന്റെ റെയ്‌ഡില്‍ കള്ളപ്പണവും അനധികൃത സ്വർണവും കണ്ടെത്തിയതിനെത്തുടര്‍ന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി പി രാമമോഹന റാവുവിന്റെ സ്‌ഥാനം തെറിച്ചു. ഗിരിജ വൈദ്യനാഥൻ ആണ് പുതിയ ചീഫ് സെക്രട്ടറി.
ആദായനികുതിവകുപ്പ് റാവുവിന്റെ വീട്ടിലും തമിഴ്നാട് സെക്രട്ടേറിയറ്റിലും നടത്തിയ റെയ്ഡിൽ 30 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും അഞ്ചുകിലോ സ്വർണവും പിടിച്ചെടുത്തിരുന്നു. അനധികൃത പണമിടപാടുകളുടെ രേഖകളും കണ്ടെടുത്തിട്ടുണ്ട്.
റാവുവിന്റെ മകൻ വിവേകിന്റെ വീട്ടില്‍ നിന്ന് 18 ലക്ഷം രൂപയും ബന്ധുക്കളിൽനിന്ന് 12 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും കണ്ടെത്തിയിരുന്നു. ഒരു കിലോഗ്രാം തൂക്കമുള്ള രണ്ട് സ്വർണ ബിസ്കറ്റുകളും പിടിച്ചെടുത്തിരുന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ വിവേകിന്റെ ഭാര്യാപിതാവിന്റെ വസതിയിൽനിന്നാണ് ഇവ കണ്ടെത്തിയത്. തുടർന്നാണ് അന്വേഷണം ചെന്നൈയിലേക്കു വ്യാപിപ്പിച്ചത്.
രാമമോഹനറാവുവിന്റെ വസതിയും സെക്രട്ടേറിയറ്റിലെ ഓഫിസും ഉൾപ്പെടെ 13 സ്ഥലങ്ങളിൽ മകന്റെയും ബന്ധുക്കളുടെയും വീടുകളിൽ നൂറിലേറെ ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർ സിആർപിഎഫ് അകമ്പടിയോടെയായിരുന്നു റെയ്ഡ് നടത്തിയത്. റെയ്ഡ് ഇന്നു പുലർച്ചെയാണ് അവസാനിപ്പിച്ചത്.