ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിയെത്തി; ആശുപത്രിയില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

Webdunia
ബുധന്‍, 2 നവം‌ബര്‍ 2016 (16:14 IST)
ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിപ്രകാരം പെന്‍ഷന്‍ നിഷേധിക്കപ്പെട്ടതിന് ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി.
 
ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിയപ്പോഴാണ് പൊലീസ് രാഹുല്‍ ഗാന്ധിയെ തടഞ്ഞത്. 
ആശുപത്രിയിൽ പ്രവേശിക്കാൻ ശ്രമിച്ചതിന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആം ആദ്മി പാർട്ടി നിയമസഭാംഗങ്ങൾ എന്നിവരെയും പൊലീസ് തടഞ്ഞിരുന്നു.
 
അതേസമയം, ആശുപത്രി പ്രവൃത്തികൾ തടസ്സപ്പെടുത്തുന്നതിനാലാണ് രാഷ്‌ട്രീയക്കാര്‍ക്ക് എതിരെ നടപടിയെടുത്തത് എന്നാണ് ഡല്‍ഹി പൊലീസിന്റെ നിലപാട്. അവരുടെ പ്രസംഗങ്ങൾ മൂലം ഇവിടുത്തെ പ്രവൃത്തികൾ നടക്കുന്നില്ല. ആശുപത്രിയില്‍ രാഷ്‌ട്രീയം പറയാൻ കഴിയില്ലെന്ന് മനസിലാക്കണമെന്നും പൊലീസ് പറഞ്ഞു.
 
മരണപ്പെട്ട രാം കിഷൻ ജിയുടെ കുടുംബത്തെ കാണാൻ പോയ മനീഷ് സിസോദിയയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ട്വീറ്റ് ചെയ്തിരുന്നു.
Next Article