ഇനി ഒഎംആര്‍ കടലാസിലെ ബബിളുകള്‍ കറുപ്പിച്ച് സമയം കളയേണ്ടതില്ല. പരീക്ഷാ ഫലത്തിനായി മാസങ്ങള്‍ നീണ്ട കാത്തിരിപ്പും ആവശ്യമില്ല. പരീക്ഷയെഴുതു ദിവസങ്ങള്‍ക്കുള്ളില്‍ ഫലവുമറിയാന്‍ സാധിക്കും. കേട്ടിട്ട് അവിശ്വസിക്കേണ്ടതില്ല. പിഎസ്‌സി സമീപ ഭാവിയില്‍ തന്നെ മുഴുവന്‍ പരീക്ഷകളും ഓണ്‍ലൈനാക്കി മാറ്റും.
അതിന്റെ ആദ്യ പടിയായി അപേക്ഷകര്‍ കുറവുള്ള ഉദ്യോഗത്തിലേക്കുള്ള പരീക്ഷകള്‍ ഇനി ഓണ്‍ലൈനായി നടത്താനാണ് പിഎസ്‌സി തീരുമാനിച്ചിരിക്കുന്നത്. ഇനി ശീതീകരിച്ച മുറിയിലിരുന്ന് കമ്പ്യൂട്ടറില്‍ ചൊദ്യങ്ങള്‍ വായിച്ച് ഉത്തരങ്ങളില്‍ വെറുതെ ക്ലിക്ക് ചെയ്താല്‍ മാത്രം മതി.
ഇതിനായി പിഎസ്‌സി യുടെ ആദ്യത്തെ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം തിരുവനന്തപുരം പട്ടം ആസ്ഥാന ഓഫീസില്‍ തയ്യാറായിക്കഴിഞ്ഞു. ഇവിടെ ഒരേസമയം 240 പേര്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയെഴുതാം. 20 വരിയായിട്ടാണ് കമ്പ്യൂട്ടറുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. പഴയ ആസ്ഥാന മന്ദിരത്തിന്റെ റൂഫ്‌ടോപ്പിലാണ് അത്യാധുനിക സൗകര്യങ്ങളുള്ള പരീക്ഷാകേന്ദ്രം.
പിഎസ്‌സി സ്വന്തം നിലയ്ക്ക് തയ്യാറാക്കിയ ആദ്യത്തെ പരീക്ഷാകേന്ദ്രമാണ് പട്ടത്തേത്. കമ്പ്യൂട്ടറുകളും സര്‍വറും 'കെല്‍' ആണ് ഒരുക്കിയത്. കെല്‍ട്രോണ്‍, സി-ഡിറ്റ് എന്നിവയുടെ സഹായവുമുണ്ട്. വിശാലമായ ഹാളില്‍ പരീക്ഷാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കാനുള്ള ഓഡിയോ സംവിധാനവും നിരീക്ഷണ കാമറകളും തയ്യാറാക്കിയിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിന്റെ ഉദ്ഘാടനം ആഗസ്ത് 28ന് രാവിലെ 10.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. പിറ്റേന്ന് രാവിലെ 11ന് ഈ സെന്ററിലെ ആദ്യത്തെ ഓണ്‍ലൈന്‍ പരീക്ഷ നടത്തും.
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപക നിയമനത്തിനുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റി(എസ് ടി)ന്റെ പരീക്ഷയാണ് നടത്തുക. അപേക്ഷ നല്‍കിയ 23 പേരെയാണ് ഈ പരീക്ഷയ്ക്ക് ക്ഷണിച്ചിട്ടുള്ളത്.
കേരളത്തില്‍ പിഎസ്‌സിയുടെ ആദ്യ ഓണ്‍ലൈന്‍ പരീക്ഷ കഴിഞ്ഞ സപ്തംബര്‍ ഏഴിന് നടത്തിയിരുന്നു.
തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിലാണ് അന്ന് സൗകര്യം ഒരുക്കിയത്. 95 പേരാണ് ആ പരീക്ഷയ്ക്ക് എത്തിയത്. രണ്ട് മാസം കഴിഞ്ഞ് ആ വര്‍ഷം നവംബര്‍ 20ന് ചുരുക്കപ്പട്ടികയും അഞ്ചാം മാസം ഫിബ്രവരി 18ന് റാങ്ക്‌പട്ടികയും പ്രസിദ്ധീകരിച്ചു. കെഎസ്ആര്‍ടിസിയില്‍ സിവില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയിലേക്കായിരുന്നു അന്നത്തെ പരീക്ഷ.
ഓണ്‍ലൈന്‍ പരീക്ഷ കഴിഞ്ഞാലുടന്‍ മാര്‍ക്ക് അറിയാന്‍ സൗകര്യമുണ്ടെങ്കിലും രണ്ടാഴ്ച കാത്തിരിക്കേണ്ടി വരും. പ്രാഥമിക ഉത്തരസൂചികയുടെ തെറ്റ് തിരുത്തി അന്തിമ ഉത്തരങ്ങള്‍ നിശ്ചയിക്കാന്‍ 15 ദിവസത്തെ സമയം നല്‍കണമെന്ന് വ്യവസ്ഥയുള്ളതാണ് കാരണം. അഭിമുഖവും രേഖാപരിശോധനയും കഴിഞ്ഞാല്‍ ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ റാങ്ക്പട്ടിക തയ്യാര്‍. ഐബിപിഎസ്., എസ്എസ്ബി എന്നിവയും പിഎസ്‌സികളില്‍ രാജസ്ഥാനും ഉള്‍പ്പെടെ വിരലിലെണ്ണാവുന്ന സ്ഥാപനങ്ങള്‍ മാത്രമാണ് ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തുന്നത്.