പ്രിയങ്കയെ തരൂ; പ്രിയങ്കയ്ക്ക് മാത്രമേ വിജയം സാധ്യമാക്കാന്‍ കഴിയൂ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ഒരേ സ്വരത്തോടെ അപേക്ഷിക്കുന്നു

വ്യാഴം, 12 മെയ് 2016 (11:43 IST)
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പില്‍ രക്ഷപ്പെടണമെങ്കില്‍ പ്രിയങ്ക ഗാന്ധിയെ ലഭിച്ചേ തീരൂവെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. 2017ലെ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടണമെങ്കില്‍ പ്രിയങ്കയെ ലഭിച്ചേ കഴിയൂ എന്ന നിലപാടിലാണ് യു പി കോണ്‍ഗ്രസ്.
 
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പ്രശാന്ത് കിഷോറുമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാര്‍ കഴിഞ്ഞദിവസം ലക്‌നൌവില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആഗ്ര ജില്ല പ്രസിഡന്റ് ദുഷ്യന്ത് ശര്‍മ്മയും പ്രിയങ്ക തന്നെ നേതൃത്വത്തില്‍ വരണമെന്ന് നിലപാട് വ്യക്തമാക്കുന്നു. കഴിഞ്ഞ കുറെ കാലമായി ഉത്തര്‍പ്രദേശില്‍ നിലനില്പിനായി ഉഴറുന്ന കോണ്‍ഗ്രസിനെ രക്ഷിച്ചെടുക്കാന്‍ പ്രിയങ്കയ്ക്ക് മാത്രമേ കഴിയൂ എന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
 
അതേസമയം, പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേട്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ ഒരു അന്തിമതീരുമാനത്തില്‍ എത്തിയിട്ടില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം, ബ്ലോക്ക് പ്രസിഡന്റുമാര്‍ക്ക് അവരുടെ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശം പ്രശാന്ത് കിഷോര്‍ നല്കിക്കഴിഞ്ഞു. ഓഫീസ് തുറന്ന് ജനങ്ങളുമായുള്ള ബന്ധം സ്ഥാപിച്ചെടുക്കാനാണ് പ്രശാന്ത് കിഷോറിന്റെ നിര്‍ദ്ദേശം.

വെബ്ദുനിയ വായിക്കുക