ഒരു റാങ്ക് ഒരു പെന്‍ഷന്‍ ഉടനെന്ന് പ്രധാനമന്ത്രി

Webdunia
ശനി, 15 ഓഗസ്റ്റ് 2015 (10:14 IST)
രാജ്യത്തെ വിമുക്തഭടന്മാര്‍ക്കായി ‘ഒരു റാങ്ക് ഒരു പെന്‍ഷന്‍’ പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 69ആം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പദ്ധതി സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 
 
ബാങ്കുകളുടെ എല്ലാ ബ്രാഞ്ചുകളും ഒരു ദളിതനോ ഗോത്രവര്‍ഗക്കാരനോ വായ്പ ഉറപ്പാക്കണം. രാജ്യത്തെ തൊഴിലാളികള്‍ക്കായി "ശര്‍മേവ ജയതേ" എന്ന പുതിയ പദ്ധതി നടപ്പാക്കും. പുതു സംരംഭങ്ങള്‍ക്കായി "സ്റ്റാര്‍ട്ട് അപ് ആന്‍ഡ് സ്റ്റാന്‍ഡ് അപ്" പദ്ധതി നടപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. 
 
കൃഷിഭവന്‍ ഇനി "കൃഷി കിസാന്‍ കല്യാണ്‍ മന്ത്രാലയ" എന്നറിയപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ ഗ്യാസ് പൈപ്പ് ലൈനും റെയില്‍ ശൃംഖലയും സ്ഥാപിക്കും. ജന്‍ധന്‍ യോജന വഴി 17 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചെന്നും ഇതുവരെ 30,000 കോടി രൂപ ബാങ്കുകളിലെത്തിയെന്നും ഓരോ ദരിദ്രന്റെയും പങ്കാളിത്തതോടെ ജന്‍ധന്‍ യോജന വിജയകരമായി തീര്‍ന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
രാജ്യത്തിന്റെ ഐക്യം നഷ്‌ടപ്പെടുത്തുന്ന ഒരു നീക്കവും അനുവദിക്കില്ല. ഐക്യം തകര്‍ന്നാല്‍ സ്വപ്നങ്ങളും തകരും. രാജ്യം ടീം ഇന്ത്യയായി പ്രവര്‍ത്തിക്കണം. ഇത് പ്രതീക്ഷയുടെ പുലരിയാണെന്നും വര്‍ഗീയതയെയും വിഘടനവാദത്തെയും തോല്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.