മുസ്‌ലീങ്ങള്‍ക്കിടയില്‍ രണ്ടുകുട്ടി നയം നടപ്പിലാക്കണം: പ്രവീണ്‍ തൊഗാഡിയ

Webdunia
ശനി, 5 സെപ്‌റ്റംബര്‍ 2015 (09:08 IST)
രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക്‌ ജന്മം നല്‍കുന്ന മുസ്‌ളീം കുടുംബങ്ങള്‍ക്ക്‌ നേരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന വിഎച്ച്‌പി നേതാവ്‌ പ്രവീണ്‍ തൊഗാഡിയ. ഹിന്ദുക്കളെയും ഹിന്ദു രാഷ്ര്‌ടമെന്ന നിലയില്‍ ഇന്ത്യയെയും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചേ മതിയാകൂവെന്നും രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചയിലുണ്ടാകുന്ന അസന്തുലിതാവസ്‌ഥയ്‌ക്ക് തടയിടാന്‍ രണ്ടു കുട്ടികള്‍ എന്ന നയം നടപ്പാക്കണമെന്നും തൊഗാഡിയ പറഞ്ഞു.

രണ്ടു കുട്ടികള്‍ നയം മുസ്‌ളീങ്ങള്‍ക്കിടയില്‍ കൃത്യമായി നടപ്പാക്കണം. അല്ലെങ്കില്‍ ഇത്തരക്കാരുടെ മക്കള്‍ക്ക്‌ ജോലി, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കണം. അത്‌ വികസനത്തെ കൂടുതല്‍ തുണയ്‌ക്കുമെന്നും ആര്‍എസ്‌എസ്‌ മുഖപത്രമായ ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനത്തില്‍ തൊഗാഡിയ അഭിപ്രായപ്പെട്ടു.ഒരു രാജ്യമെന്ന നിലയില്‍ ഹിന്ദുക്കളുടെ സാന്നിദ്ധ്യം ഇന്ത്യയിലേക്ക്‌ മാത്രമായി ഒതുങ്ങിയിരിക്കുകയാണെന്നും അഫ്‌ഗാനിസ്‌ഥാന്‍, പാക്കിസ്‌ഥാന്‍, ബംഗ്ലദേശ്‌ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയില്‍ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞു വരികയാണെന്നും പറഞ്ഞു.

ഇസ്‌ളാമിക ജനസംഖ്യ ക്രമാതീതമായി ഉയരുന്നത്‌ ഭാരതം അധികം വൈകാതെ ഇസ്‌ളാമിക രാജ്യമായി മാറുന്നതിന്‌ കാരണമാകും. 400 വര്‍ഷം ഇന്ത്യയില്‍ ഭരണം നടത്തിയ മുസ്‌ളീം ഭരണാധികാരികള്‍ രാജ്യത്തെയും സംസ്‌കാരത്തെയും ചുറ്റുപാടുകളെയും എന്നന്നേക്കുമായി നശിപ്പിച്ചു. ഹിന്ദുക്കള്‍ ചിലയിടങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തിലായി ചിതറി ജീവിക്കുന്നത്‌ വളരെ അപകടകരമായ കാര്യമാണ്‌. മൂന്നു ലക്ഷത്തിലധികം ബംഗ്ലദേശികള്‍ ഇന്ത്യയിലേക്ക്‌ നുഴഞ്ഞുകയറിയിട്ടുണ്ട്‌. അവര്‍ക്ക്‌ ഇന്ത്യന്‍ മണ്ണില്‍ വസിക്കാനുള്ള അവകാശമില്ലെന്നും അവരെ പുറത്താക്കണമെന്നും തൊഗാഡിയ ലേഖനത്തില്‍ പറയുന്നുണ്ട്‌.