യാക്കൂബ് മേമന്റെ ദയാഹര്‍ജി തള്ളിയതിന് പിന്നാലെ വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടു പ്രതികളുടെ ദയാഹര്‍ജി തള്ളാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശ. മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റേതടക്കം 22 ദയാഹര്‍ജികളാണ് രാഷ്ട്രപതിയായതിന് ശേഷം പ്രണബ് മുഖര്‍ജി തള്ളിയത്. സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടു പ്രതികള്‍ നല്‍കിയ ദയാഹര്‍ജി തള്ളാനാണ് ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തത്.
1999ല്‍ മഹാരാഷ്ട്രയിലെ കൊല്‍ഹാപൂര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയതിന് ശേഷം കൊലപ്പെടുത്തിയ കേസില്‍ മഹാരാഷ്ട്ര ജയിലില്‍ കഴിയുന്ന മോഹന്‍ അണ്ണ ചവാനും 1994ല്‍ പുണെയില്‍ രണ്ട് കുട്ടികളും അഞ്ചു സ്ത്രീകളുമുള്‍പ്പെടെ ഏഴുപേരെ കൊലപ്പെടുത്തിയ ജിതേന്ദ്ര ഗേലോട്ടുമാണ് ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചത്.ഇരുവരുടെയും ദയാഹര്‍ജികള്‍ മഹാരാഷ്ട്രാ ഗവര്‍ണര്‍ തള്ളിയിരുന്നു. ഹൈക്കോടതിയും സുപ്രീംകോടതിയും ഇവര്‍ക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ ശരിവച്ചിരുന്നു.
അസമില്‍ നിന്നുള്ള മാന്‍ ബഹദൂര്‍ ദിവാന്‍ എന്നയാളുടെ ദയാഹര്‍ജി മാത്രമാണ് ഇതുവരെ രാഷ്ട്രപതി അംഗീകരിച്ചിട്ടുള്ളത്.