രാജ്യത്ത് 32% പേര്‍ ഇപ്പോഴും ദരിദ്രര്‍

Webdunia
തിങ്കള്‍, 25 മെയ് 2015 (19:40 IST)
രാജ്യത്തെ ജനസംഖ്യയുടെ 32% പേർ ഇപ്പോഴും ദരിദ്രരെന്ന് പഠനം. പുതിയ സാമൂഹിക സാമ്പത്തിക ജാതി സെൻസസിന്റെ കണക്കുകൾ പ്രകാരമാണ് ഇത്രയും ആളുകള്‍ ദാരിദ്ര്യത്തില്‍ തുടരുന്നതെന്ന് വ്യക്തമായത്. ഇതുസംബന്ധിച്ച സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വെളിയില്‍ വിടുമെന്നാണ് വിവരം. എന്നാല്‍ മണിപൂര്‍ ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടില്ല. ആ സംസ്ഥാനത്തിന്റെ കണക്കുകള്‍ ഇനിയും ക്രോഡീകരിച്ചിട്ടില്ലാത്തതിനാലാണിത്.

ഈ റിപ്പോര്‍ട്ട് അനുസരിച്ചാകും പുതിയ ദാരിദ്ര്യ രേഖയെക്കുറിച്ചുള്ള വിശദീകരണം വരിക. രാജ്യത്തെ ദരിദ്രരുടെ ശതമാനത്തെച്ചൊല്ലി ദേശീയതലത്തിൽ ഏതാനും വർഷങ്ങളായി തർക്കമുള്ളതാണ്. സുരേഷ് തെൻഡുൽക്കർ സമിതിയുടെ കണക്കനുസരിച്ച് 21.9 ശതമാനമായിരുന്നു 2011–12ൽ ദരിദ്രരുടെ ശതമാനം. എന്നാൽ, റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. സി. രംഗരാജൻ അധ്യക്ഷനായ സമിതി കഴിഞ്ഞ വർഷം നൽകിയ റിപ്പോർട്ടിൽ പറഞ്ഞതു 2011–12ലെ ശതമാനം 29.5 എന്നാണ്.

കണക്കുകളുടെ അടിസ്‌ഥാനത്തിലുള്ള തർക്കം അവസാനിക്കില്ലെന്ന വിലയിരുത്തലിൽ, ദാരിദ്ര്യരേഖ എവിടെയെന്നു തീരുമാനിക്കാൻ നീതി ആയോഗ് മുതിരില്ലെന്നാണ് ഉപാധ്യക്ഷൻ അരവിന്ദ് പനഗാരിയ വ്യക്‌തമാക്കിയത്. സാമൂഹിക സാമ്പത്തിക ജാതി സെൻസസിൽനിന്നു ലഭിക്കുന്ന കണക്കുകളെയാവും ആശ്രയിക്കുകയെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.