പൊങ്കല്‍ ഉത്സവത്തിനു കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് തീ വെച്ചു

Webdunia
ബുധന്‍, 13 ജനുവരി 2016 (14:39 IST)
പൊങ്കല്‍ ഉത്സവത്തിനു കൊണ്ടു പോകണമെന്ന്‌ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്  ഭാര്യയെ ഭര്‍ത്താവ്‌ മണ്ണെണ്ണ ഒഴിച്ച്‌ തീ വെച്ചു. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലാണ്‌ സംഭവം നടന്നത്. സ്‌ത്രീക്ക്‌ 60 ശതമാനം പൊള്ളലേറ്റു.

തിങ്കളാഴ്‌ച രാത്രിയായിരുന്നു സംഭവം. തന്റെ മക്കളായ മരുതുപാണ്ടി(13), വീരപാണ്ടി(11) എന്നിവര്‍ക്കൊപ്പം ഉമ മഹേശ്വരി‌(34) ഉറങ്ങിക്കിടക്കുമ്പോഴാണ്‌ കുമാര്‍(40) ഉമയെ മണ്ണെണ്ണ ഒഴിച്ച്‌ തീ വെച്ചത്‌.

സമീപഗ്രാമത്തില്‍ പൊങ്കല്‍ ഉത്സവം നടക്കുന്നതിനാല്‍ അതു കാണുന്നതിനായി തന്നെയും മക്കളെയും കൊണ്ട്‌ പോകണമെന്ന്‌ ഉമ കുമാറിനോട്‌ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കയ്യില്‍ അതിനുള്ള പണമില്ലെന്ന്‌ കുമാര്‍ വ്യക്‌തമാക്കി. ഇതിനെ തുടര്‍ന്ന്‌ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു.

ഇതിനുശേഷം ഉമ മക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നു. തുടര്‍ന്ന്‌ അര്‍ദ്ധരാത്രിയോടെയാണ് കുമാര്‍ ഉമയുടെ ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയത്. സഹായത്തിനായി ഉമ കരഞ്ഞെങ്കിലും കുമാര്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

കരച്ചില്‍ കേട്ട്‌ ഓടിയെത്തിയ അയല്‍വാസികളാണ്‌ ഉമയെ ആശുപത്രിയില്‍ എത്തിച്ചത്‌. കുമാറിനെതിരെ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും  ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലീസ്‌ അറിയിച്ചു.