മുംബൈ: ശമ്പളം തടഞ്ഞുവെച്ചതോടെ കുടുംബം പുലർത്താൻ പിച്ചയെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊലീസുകാരന്റെ കത്ത്. മുംബൈ പൊലീസ് കോൺസ്‌റ്റബിൾ ജ്ഞാനേശ്വർ അഹിരോയാണ് ഉന്നത പൊലീസ് ഓഫീസർമാർക്കും മുഖ്യമന്ത്രിക്കും കത്തെഴുതിയത്. ഭാര്യയുടെ ചികിത്സാ ആവശ്യങ്ങൾക്കായി ഒമ്പത് ദിവസം ലീവെടുത്തതിനെത്തുടർന്ന് ഇയാളുടെ ശമ്പളം രണ്ട് മാസമായി തടഞ്ഞുവെച്ചിരുന്നു.
മാർച്ച് 20 മുതൽ 22 വരെയാണ് ഭാര്യയുടെ കാൽ ഒടിഞ്ഞതിനെത്തുടർന്ന് ജ്ഞാനേശ്വർ അഹിരോ ലീവെടുത്തത്. പിന്നീട് യൂണിറ്റ് ഇൻ ചാർജിനെ ഫോണിൽ ബന്ധപ്പെടുകയും അടിയന്തിര അവധി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ശേഷം 28-ന് ജോലിയിൽ തിരികെ പ്രവേശിച്ചു. അതിന് ശേഷം ഇതുവരെ ശമ്പളം കിട്ടിയില്ലെന്നാണ് ജ്ഞാനേശ്വർ പറയുന്നത്. DNA ആണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്.
ഡെപ്യൂട്ടി പോലീസ് കമ്മീഷണർ, മുംബൈ പോലീസ് കമ്മീഷണർ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു എന്നിവര്‍ക്കാണ് കത്തയച്ചത്. വീട്ടുചെലവിനും മറ്റ് ആവശ്യങ്ങൾക്കും പണം കണ്ടെത്തുന്നതിനായി പൊലീസ് യൂണിഫോമിൽ പിച്ചയെടുക്കാൻ അനുവദിക്കണമെന്നും കത്തിൽ പറയുന്നു.