മാഹിയിൽ സംഘർഷം തുടരുന്നു; ബിജെപി ഓഫീസിനും പൊലീസ് ജീപ്പിനും തീയിട്ടു - പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു
ചൊവ്വ, 8 മെയ് 2018 (18:17 IST)
രാഷ്ട്രീയ കൊലപാതങ്ങളുടെ തുടര്‍ച്ചയായി മാഹിയിൽ സംഘർഷം. മാഹി പള്ളൂരില്‍ ബിജെപി ഓഫീസിന് നേര്‍ക്ക് ആക്രമണം ഉണ്ടായതിന് പിന്നാലെ അക്രമികള്‍ മാഹി പൊലീസിന്റെ ജീപ്പും അഗ്നിക്കിരയാക്കി. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.
ബിജെപി ഓഫീസിന്റെ സമീപത്ത് കിടന്നിരുന്ന മാഹി പൊലീസിന്റെ ജീപ്പിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്.
മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനാല്‍ കൂടുതൽ പൊലീസിനെ വിന്യസിച്ചു.
കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകനായ ബാബുവിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെയാണ് സംഘര്‍ഷമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ണൂര്‍ മാഹിയില്‍ ഒരു സിപിഎം പ്രവര്‍ത്തകനും ആര്‍എസ്എസ്സുകാരനും കൊല്ലപ്പെട്ടത്. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബുവും ആർഎസ്എസ് പ്രവർത്തകൻ ഷമേജുമാണ് മരിച്ചത്.
ഇരുപാർട്ടികളിലെയും പ്രവർത്തകർ വെട്ടേറ്റു മരിച്ചത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്ഐആറിലെ സൂചന. പത്തംഗ സംഘമാണ് ബാബുവിനെ കൊലപ്പെടുത്തിയത്. ഇതിനു മറുപടിയായിട്ടാണ് ഷമേജും കൊല്ലപ്പെട്ടതെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നു. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിനു പിന്നിൽ എട്ടംഗ സംഘമാണെന്നാണ് പൊലീസ് പറയുന്നത്.